മലപ്പുറം: കോവിഡ് ബാധിതരെയും ക്വാറൻറീനിൽ കഴിയുന്നവരെയും വോട്ട് ചെയ്യിക്കുന്ന ജോലികൾക്ക് നിയോഗിച്ചിരുന്ന സ്പെഷൽ പോളിങ് ഓഫിസർമാർക്കും സ്പെഷൽ പോളിങ് അസിസ്റ്റൻറുമാർക്കും ഒരുമാസമായിട്ടും പ്രതിഫലം നൽകിയില്ല.
പോളിങ് ബൂത്തിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വിന്യസിച്ചിരുന്നവർക്ക് അന്നന്ന് തന്നെ വേതനം കൈമാറിയിരുന്നു. എന്നാൽ, കോവിഡ് ഭീഷണിയിൽ പി.പി.ഇ കിറ്റ് ധരിച്ച് ഏറെ പ്രതികൂല സാഹചര്യങ്ങളിൽ ജോലിചെയ്തവരുടെ കാര്യത്തിൽ അമാന്തം തുടരുന്നതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. ഇവർ ഉപയോഗിച്ച വാഹനങ്ങൾക്കുള്ള വാടകയും കൊടുത്തിട്ടില്ല.
മലപ്പുറം, അരീക്കോട് തുടങ്ങിയ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ സ്പെഷൽ പോളിങ് ഓഫിസർമാർക്കും സ്പെഷൽ പോളിങ് അസിസ്റ്റൻറുമാർക്കുമാണ് പ്രതിഫലം കിട്ടാത്തത്.
ഡിസംബർ ആറ് മുതൽ 13വരെ ഒരാഴ്ച ഇവർക്ക് ഡ്യൂട്ടിയുണ്ടായിരുന്നു. കോവിഡ് രോഗികളെയും ക്വാറൻറീനിൽ കഴിയുന്നവരെയും വോട്ട് ചെയ്യിക്കാൻ പി.പി.ഇ കിറ്റ് ധരിച്ച് ആശുപത്രികളും വീടുകളും കയറിയിറങ്ങി.
സർക്കാർ ഉദ്യോഗസ്ഥരെയും അധ്യാപകരെയുമാണ് സ്പെഷൽ പോളിങ് ഓഫിസർമാർ ആക്കിയത്. സ്കൂളിലെയടക്കം മറ്റു ജീവനക്കാർ അസിസ്റ്റൻറുമാരായും ജോലിചെയ്തു.
സ്പെഷൽ പോളിങ് ഓഫിസർക്ക് 1250 രൂപയും അസിസ്റ്റൻറിന് 1000 രൂപയുമാണ് പ്രതിദിന പ്രതിഫലമായി നിശ്ചയിച്ചത്. പോളിങ് ബൂത്തിലെയും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥർക്ക് പരമാവധി രണ്ട് ദിവസമായിരുന്നു ജോലിയെങ്കിലും ഇവരുടേത് ഒരാഴ്ചയുണ്ടായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിൽനിന്ന് വേണ്ട ഫണ്ട് ആവശ്യപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് വിഭാഗത്തിൽനിന്ന്്് ലഭിച്ചതെന്ന് സ്പെഷൽ പോളിങ് ഓഫിസർ ജോലിചെയ്തവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.