കാലപ്പഴക്കംചെന്ന പാചകവാതക സിലിണ്ടറുകള്‍ വ്യാപകം

തേഞ്ഞിപ്പലം: അഞ്ചുവര്‍ഷം പഴക്കമുള്ള പാചകവാതക സിലിണ്ടറുകള്‍ സമയബന്ധിതമായി നവീകരിച്ച് ഉപയോഗിക്കുന്നതില്‍ ഗുരുതര വീഴ്ച. കാലപ്പഴക്കം ചെന്ന സിലിണ്ടറുകളില്‍ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും പാചകവാതകം ലഭ്യമാക്കരുതെന്ന നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ, കേടുപാടുകള്‍ സംഭവിച്ച സിലിണ്ടറുകള്‍ പലതും വിപണിയിലുണ്ട്. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ഐ.ഒ.സി, ബി.ബി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ പാചകവാതക സിലിണ്ടറുകളാണ് നിലവില്‍ വിപണിയിലുള്ളത്. ഇതില്‍ 60 ശതമാനവും ഐ.ഒ.സിയുടേതാണ്. നിയമപ്രകാരം ഉപയോഗിക്കാവുന്ന കാലാവധിയായ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ അത്തരം സിലിണ്ടറുകള്‍ തെരഞ്ഞെടുത്ത് സിലിണ്ടറിന്റെയും വാൽവിന്റെയും കേടുപാട് തീര്‍ത്ത് പെയിന്റടിച്ച് നവീകരിക്കണം.

ഇതിനായി ഐ.ഒ.സി അടക്കമുള്ള കമ്പനികള്‍ പ്രത്യേകം കരാര്‍ നല്‍കിയിരിക്കുകയാണ്. കരാറുകാർ ഇത്തരം സിലിണ്ടറുകള്‍ നവീകരിക്കാന്‍ കൊണ്ടുപോകാറുണ്ടെങ്കിലും കൃത്യമായ നടപടികളുണ്ടാകാറില്ല. ലാഭം നോക്കിയുള്ള കരാറുകാരുടെ പ്രവര്‍ത്തനവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് കാലപ്പഴക്കമുള്ള സിലിണ്ടറുകള്‍ നവീകരിക്കാതെ ഉപയോഗിക്കാൻ കാരണം. കേരളത്തിനകത്തും പുറത്തും പാചകവാതക സിലിണ്ടര്‍ അപകടങ്ങളും ജീവഹാനിയും ഉണ്ടായിട്ടും ഇതിനെതിരെ അധികൃതർ നടപടിയെടുത്തിട്ടില്ല.

വാഷറില്ലാത്തതും ചെറിയ ചോര്‍ച്ചയുള്ളതുമായ സിലിണ്ടറുകള്‍ പോലും ചേളാരി ഐ.ഒ.സി ഉള്‍പ്പെടെയുള്ള പ്ലാന്റുകളില്‍നിന്ന് പുറത്തേക്ക് പോകുന്നുണ്ട്. ഗാര്‍ഹിക ഉപയോഗത്തിനായുള്ള 14 കിലോ പാചകവാതക സിലിണ്ടര്‍ ഒന്നിന് നിലവില്‍ 1100 രൂപയാണ് വില. ഇത്തരം ചില സിലിണ്ടറുകളില്‍ ഒരു കിലോ മുതല്‍ മൂന്ന് കിലോ വരെ തൂക്കക്കുറവുണ്ടാകുന്ന പ്രശ്‌നം വേറെയുമുണ്ട്. ഇത് വിതരണ തൊഴിലാളികളും ഉപഭോക്താക്കളും തമ്മിൽ പ്രശ്‌നങ്ങള്‍ക്കും ഇടയാകുന്നുണ്ട്. നിയമലംഘനവും സുരക്ഷവീഴ്ചയും തുടരുമ്പോഴും കാര്യക്ഷമമായ പരിശോധനയും നടപടിയും ഇല്ലെന്നാണ് ആക്ഷേപം.

Tags:    
News Summary - Obsolete cooking gas cylinders are common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.