പട്ടർനടക്കാവ്: വാർധക്യത്തിന്റെ പൂമുഖത്തിരുന്ന് കുഞ്ഞിമുഹമ്മദ്ക്ക ഓർത്തെടുക്കുകയാണ് പട്ടർനടക്കാവിലെ പഴയ ബീഡിക്കമ്പനിയിലെ ‘വൃത്താന്തപത്രപ്രവർത്തനം’. കുഞ്ഞിമുഹമ്മദ്ക്കയുടെ ശബ്ദത്തിലാണ് ബീഡിക്കമ്പനിയിൽ അമ്പതോളം പേർ വാർത്തകളും വർത്തമാനങ്ങളുമറിഞ്ഞിരുന്നത്.
അങ്ങാടിയിൽ അരനൂറ്റാണ്ട് മുമ്പ് പ്രവർത്തിച്ചിരുന്ന പ്രസിദ്ധമായ ബീഡിക്കമ്പനിയിലെ സ്ഥിരം പത്രവായനക്കാരനായിരുന്നു കോട്ടയിൽ കുഞ്ഞിമുഹമ്മദ്. നല്ല ശബ്ദത്തിന്റെ ഉടമയായതുകൊണ്ടാണ് കുഞ്ഞിമുഹമ്മദ്ക്കക്ക് ഈ സൗഭാഗ്യം കൈവന്നത്. പത്രം വായിക്കുമ്പോൾ ജോലി തടസ്സപ്പെടാതെ മറ്റുള്ളവർ കേട്ടിരിക്കുന്ന പതിവായിരുന്നു അന്ന്.
പട്ടർനടക്കാവ് അങ്ങാടിയിൽ സ്റ്റേഷനറി വ്യാപാരം നടത്തുന്ന കുഞ്ഞിമുഹമ്മദ്ക്ക 83ാം വയസ്സിലും അതൊക്കെ ബീഡിക്കമ്പനിക്കാലം ഓർത്തെടുക്കുകയാണ്. രാഷ്ട്രീയ-കലാസാംസ്കാരിക പ്രവർത്തകർ സ്ഥിരമായി വരികയും കലാസാംസ്കാരിക ക്ലാസുകൾ നടത്തുകയും ചെയ്തിരുന്നു. അതു കൊണ്ടു തന്നെ ബീഡിക്കമ്പനിയിലെ ഒട്ടുമിക്കവരും കലാകാരന്മാരും കായിക പ്രേമികളും ഗായകരും അഭിനേതാക്കളുമൊക്കെയായി. പിൽക്കാലത്ത് അനന്താവൂർ മേഖലയിൽ വളർന്നു വന്ന ഗായകരും ഫുട്ബാൾ കളിക്കാരും ഗാന, നാടക രചയിതാക്കളും അഭിനേതാക്കളും സാംസ്കാരിക നായകരുമൊക്കെ ഈ ബീഡിക്കമ്പനിയുടെ സന്തതികളായിരുന്നുവെന്ന് നല്ലൊരു ഗായകനും ഫുട്ബാൾ കളിക്കാരനുമായ കുഞ്ഞിമുഹമ്മദ്ക്ക ഓർക്കുന്നു. ഫുട്ബാളിൽ ഗോളിയുടെ റോളായിരുന്നു കുഞ്ഞിമുഹമ്മദ്ക്കക്ക്. പ്രമുഖ നാടകകൃത്തും പത്രപ്രവർത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന എ.എ. മലയാളി, അധ്യാപകനും കലാകാരനുമായിരുന്ന അമരിയിൽ അബ്ദുറഹ്മാൻ, നാടകകൃത്തും സംവിധായകനുമായ കെ.എ. ഹമീദ്, നാടകഗാനരചയിതാവ് നസീബ് അനന്താവൂർ, ഗായകൻ ടി.കെ. ബാവ തുടങ്ങിയവരെല്ലാം ഈ ബീഡിക്കമ്പനിയുടെ തണലിൽ വളർന്നവരാണെന്ന് കുഞ്ഞിമുഹമ്മദ്ക്ക പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.