പാണ്ടിക്കാട്: നിപ ബാധിച്ച് മരിച്ച വിദ്യാർഥി അമ്പഴങ്ങ കഴിച്ചുവെന്ന് കരുതപ്പെടുന്ന മരത്തിന് സമീപത്തായി കാമറകൾ സ്ഥാപിച്ചു. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞരും ആരോഗ്യമേഖലയിലെ വിദഗ്ധരും കാമറ സ്ഥാപിക്കുന്ന സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരായ ഡോ. ബാലസുബ്രഹ്മണ്യം, ഡോ. കണ്ണൻ ശബരീഷ് എന്നിവർ സ്ഥലത്ത് പരിശോധനകൾ നടത്തി. പ്രദേശത്ത് ആൽമരങ്ങളോ, വവ്വാലുകളുടെ സാന്നിധ്യമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ പ്രവർത്തിച്ചുതുടങ്ങിയ കാമറദൃശ്യങ്ങൾ ഇവർ പരിശോധിച്ചു. കമുക്, തെങ്ങ് തുടങ്ങിയ മരങ്ങളിൽ അമ്പഴങ്ങ മരത്തിനെ ഫോക്കസ് ചെയ്ത് ആറ് കാമറകളാണ് സ്ഥാപിച്ചത്. തിങ്കളാഴ്ച ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ സ്ഥലപരിശോധന നടത്തിയിരുന്നു. വവ്വാലുകൾ, മറ്റു ജീവികൾ അമ്പഴങ്ങ മരത്തിൽ എത്തുന്നുണ്ടോ എന്നറിയാനാണ് കാമറകൾ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. റമീഷ, വൈസ് പ്രസിഡന്റ് സദക്കത്ത്, വാർഡ് അംഗങ്ങളായ പി.ആർ. രോഹിൽനാഥ്, ടി.കെ. റാബിയത്ത്, പഞ്ചായത്ത് ജീവനക്കാരായ സി.എച്ച്. തസ്ലീം, ഫൈസൽ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
മലപ്പുറം: നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്കാനാതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കിവരുന്നുണ്ട്.
മലപ്പുറം: നിപ രോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചാരണം നടത്തിയതിനും രണ്ട് കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.