പട്ടിക്കാട്: ടെറസിന് മുകളിൽ മറകെട്ടി വാറ്റ് നടത്തിയയാൾ എക്സൈസിന്റെ പിടിയിൽ. ഓണവിപണി ലക്ഷ്യമിട്ട് ചാരായം തയാറാക്കിയ വ്യാജവാറ്റ് കേന്ദ്രം തകർക്കുകയും ചെയ്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് സി.ഐയും സംഘവും മണ്ണാർമല, പട്ടിക്കാട്, കാര്യവട്ടം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ വിൽപനക്കാരൻ പിടിയിലായത്.
പെരിന്തൽമണ്ണ കാര്യവട്ടം മണ്ണാർമല പച്ചീരിയിലെ മേച്ചേരി വീട്ടിൽ ഉണ്ണികൃഷ്ണനാണ് (58) പിടിയിലായത്. ഇയാളുടെ പേരിൽ മുമ്പും ചാരായം വിൽപന നടത്തിയതിന് കേസുണ്ട്. വീടിന്റെ മുകൾഭാഗത്ത് ടെറസിൽ വല കൊണ്ട് മറച്ച നിലയിലായിരുന്നു വാറ്റുകേന്ദ്രം. വാറ്റാൻ ഉപയോഗിക്കുന്ന ഗ്യാസ് സ്റ്റൗ, ഗ്യാസ് സിലിണ്ടർ, വലിയ അലൂമിനിയം കലങ്ങൾ, ചാരായം നിറച്ചു വിൽപന നടത്താൻ ഉപയോഗിച്ചിരുന്ന 500 എം.എൽ പ്ലാസ്റ്റിക് കുപ്പികൾ എന്നിവയും കണ്ടെടുത്തു. അഞ്ച് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 270 ലിറ്റർ വാഷും 30 ലിറ്റർ ചാരായവും ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്തു.
ചെറിയ കുപ്പികളിലാക്കിയ ചാരായം ഓട്ടോറിക്ഷയിലാണ് മണ്ണാർമല, പച്ചീരി, പട്ടിക്കാട്, കാര്യവട്ടം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ ചില്ലറ വിൽപന നടത്തിയിരുന്നത്. ഓട്ടോറിക്ഷയും പിടിച്ചെടുത്തു. എക്സൈസ് സി.ഐ വി. അനൂപ്, അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കുഞ്ഞാലൻകുട്ടി, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സായിറാം, സിവിൽ എക്സൈസ് ഓഫിസർമാരായ നിബുൺ, ടി.കെ. രാജേഷ്, പ്രസീത മോൾ, പുഷ്പരാജ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.