പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലപ്പുറം ജില്ല പഞ്ചായത്ത് യോഗം പ്രിൻസിപ്പൽമാരുടെയും പി.ടി.എ പ്രസിഡൻറുമാരുടെയും യോഗം വിളിക്കും
മലപ്പുറം: ഹയര്‍സെക്കന്‍ഡറി മേഖലയിലെ സീറ്റ് അപര്യാപ്തത സര്‍ക്കാറിന് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പൽമാരുടെയും പി.ടി.എ പ്രസിഡൻറുമാരുടെയും യോഗം വിളിക്കാന്‍ ജില്ല പഞ്ചായത്ത് തീരുമാനം. നവംബര്‍ രണ്ടിന് ഉച്ചക്ക് രണ്ടുമണിക്ക് ജില്ല പഞ്ചായത്ത് ഹാളിലാണ് യോഗം. ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടറും യോഗത്തില്‍ പങ്കെടുക്കും. പകുതിയിലേറെ വിദ്യാര്‍ഥികള്‍ക്ക് പോലും തുടര്‍പഠനത്തിന് പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ സ്കൂളുകളുടെ നിര്‍ദേശമനുസരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനാണ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെയും പി.ടി.എ പ്രസിഡൻറുമാരുടെയും യോഗം വിളിക്കുന്നത്. ഓരോ സ്കൂള്‍ അധികൃതരുടെയും നിര്‍ദേശമനുസരിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. സീറ്റുകളുടെ കുറവും ഇതിനുള്ള പരിഹാര മാര്‍ഗങ്ങളും യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും.
കൂടുതല്‍ സ്കൂളുകളില്‍ അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ജില്ല പഞ്ചായത്ത് വിലയിരുത്തല്‍. യോഗത്തില്‍ പ്രസിഡൻറ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പിന് കീഴിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയത് പണിയാന്‍ എടുക്കുന്ന കാലതാമസം ഒഴിവാക്കാന്‍ ജില്ല പഞ്ചായത്ത് നടപടി സ്വീകരിക്കും. സ്കൂള്‍ കെട്ടിടങ്ങള്‍ പണിയുന്ന പോലെ നടപടി ക്രമങ്ങള്‍ ലഘൂകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനായി ജില്ല പഞ്ചായത്ത് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.