പൊന്നാനി: പൊന്നാനി ഈശ്വരമംഗലം മേഖല അപകടമേഖലയായി മാറുന്നു. ഭാരതപ്പുഴയോരത്തെ ഈ ഭാഗം ചെറിയ മഴയിൽപ്പോലും വെള്ളത്തിലാകുന്ന സാഹചര്യത്തിൽ പരിഹാരത്തിന് പഠനം ആവശ്യപ്പെട്ട് നഗരസഭ ദുരന്ത നിവാരണ സമിതിയെ സമീപിക്കാനൊരുങ്ങുന്നു.
ഓരോ മഴക്കാലത്തും പുഴയിൽ ജലനിരപ്പുയരുന്നതിന് മുമ്പായി വെള്ളം കയറുന്ന മേഖലയായി കർമ റോഡിനരികിലെ ഈശ്വരമംഗലം ഭൂപ്രദേശം മാറിക്കഴിഞ്ഞു.
ഇത്തവണയും മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരുന്നു. വരും വർഷങ്ങളിലും സമാന സ്ഥിതി തുടരുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം തന്നെ ഈ മേഖലയുടെ ദുരവസ്ഥ നഗരസഭ ജില്ല ദുരന്ത നിവാരണ സമിതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്. മറൈൻ മ്യൂസിയം മുതൽ ഈശ്വരമംഗലം ശ്മശാനം വരെ ഏറെ ‘സെൻസിറ്റിവ്’ഭാഗമാണെന്നാണ് നഗരസഭ വിലയിരുത്തൽ. ഈ പ്രദേശത്തെ റോഡിന്റെ ഘടനയും പുഴയുടെയും കരഭാഗത്തിന്റെയും ഘടനയും പരിശോധിച്ച് പരിഹാരമാർഗങ്ങൾക്കായി അടിയന്തര തീരുമാനങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് നഗരസഭയുടെ നിലപാട്.
ഈ ഭാഗങ്ങളിലെ നികത്തലുകളും പുതിയ നിർമാണങ്ങളുമെല്ലാം ഏറെ ശ്രദ്ധയോടെ നിരീക്ഷിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
2018ലെ പ്രളയ കാലത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് ഇത്തവണയും വെള്ളപ്പൊക്കമുണ്ടായത്. പൊന്നാനിയിൽ ഓരോ മഴക്കാലത്തും ഏറ്റവും കൂടുതൽ നാശമുണ്ടാകുന്ന മേഖല കൂടിയാണിത്. 2018 ലെ പ്രളയകാലത്ത് വൻ നാശമുണ്ടായിരുന്നു.
ഇതിൽനിന്ന് ഇപ്പോഴും അതിജീവിക്കാൻ കഴിയാത്ത കുടുംബങ്ങളുണ്ട്. ഇവരുടെ മുന്നിലാണ് പുഴയോരം വലിയ അപകട മേഖലയായി മാറിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.