പൂക്കോട്ടുംപാടം: മഴ പെയ്യുമ്പോൾ നനയാത്ത കെട്ടുറപ്പുള്ള ഭവനമെന്ന ആവശ്യവുമായി അമരമ്പലം ഗ്രാമപഞ്ചായത്തിലെ ഉൾവനത്തിൽ താമസിക്കുന്ന അച്ചനള കോളനിവാസികൾ കാടിറങ്ങി. വനവിഭവങ്ങൾ വിൽപന നടത്താൻ ടി.കെ കോളനിയിൽ എത്തിയ കോളനിക്കാരെ കാണാൻ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും എത്തിയപ്പോഴാണ് കോളനി മൂപ്പൻ മാതൻ കെട്ടുറപ്പുള്ള ഭവനമെന്ന ആവശ്യം ഉന്നയിച്ചത്.
ടി.കെ കോളനിയിൽനിന്ന് നാല് കിലോമീറ്റർ ദൂരെ ഉൾവനത്തിലാണ് പ്രാക്തന ഗോത്ര വർഗക്കാരായ അച്ചനള നിവാസികൾ താമസിച്ചുവരുന്നത്. വനത്തിനുള്ളിൽ പാറക്കെട്ടുകൾക്കുള്ളിൽ വനവിഭവങ്ങൾ ഉപയോഗിച്ച് നിർമിച്ച ചെറുകുടിലുകളിലാണ് ഇവർ താമസിക്കുന്നത്. നാട്ടുകാരുടെ സമീപ്യം ഇഷ്ടപ്പെടാത്ത ഇവർ ഉൾക്കാടുകളിലാണ് അഭയം പ്രാപിക്കുന്നത്. ഉൾവനത്തിൽ രണ്ട് ഊരുകളിലായി 20ഓളം പേരാണ് അമരമ്പലം പഞ്ചായത്തിലുള്ളത്.
ദരിദ്ര സർവേ കണക്കെടുപ്പിനായി അമരമ്പലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സർവേ നടത്തിപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും കാട് കയറിയെങ്കിലും അന്ന് കോളനിക്കാരെ കണ്ടെത്താനായില്ല. തുടർന്ന് ദിവസങ്ങൾക്കുശേഷം വകുപ്പ് വാച്ചർമാർ വിവരമറിയിച്ചതിനെ തുടർന്ന് കോളനി മൂപ്പൻ മാതെൻറ നേതൃത്വത്തിൽ മൂന്നംഗ സംഘം ടി.കെ കോളനി വനം വകുപ്പ് ഔട്ട് പോസ്റ്റിൽ എത്തുകയായിരുന്നു.
വനംവകുപ്പ് വിവരമറിയിച്ചതിെൻറ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വാർഡ് അംഗവും അടങ്ങുന്ന ഭരണസമിതി അംഗങ്ങൾ ടി.കെ കോളനിയിലെത്തി കോളനിക്കാരുമായി സംസാരിച്ചു. ആനശല്യം രൂക്ഷമാെണന്നും കഴിഞ്ഞദിവസവും ആനക്കൂട്ടം കുടിലിന് സമീപം വരെ എത്തിയതായും ഊരുമൂപ്പൻ മാതൻ പറഞ്ഞു.
മഴകാലത്ത് നയയാതെ അന്തി ഉറങ്ങാൻ ടി.കെ കോളനിയോട് ചേർന്ന് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നശിക്കാത്ത കെട്ടുറപ്പുള്ള ഭവനങ്ങൾ വേണമെന്നും മൂപ്പൻ ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. കോളനിക്കാരുടെ ആവശ്യം പരിഗണിച്ച് ഉടൻ തന്നെ ഭവനം യാഥാർഥ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടത്താമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉറപ്പുനൽകി.
ഇതിെൻറ ഭാഗമായി കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡിസംബർ 31ന് കൂടുതൽ കോളനിക്കാരുമായി വീണ്ടും കാടിറങ്ങാം എന്നും മൂപ്പൻ ഭരണസമിതി അംഗങ്ങൾക്ക് ഉറപ്പുനൽകി.
അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, വൈസ് പ്രസിഡന്റ് അനിതാ രാജു, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, നിഷാദ് പൊട്ടേങ്ങൽ തുടങ്ങിയവർ ചേർന്ന് വസ്ത്രങ്ങളും ഭക്ഷ്യവസ്തുകളും കോളനിക്കാർക്ക് നൽകിയാണ് കാട്ടിലേക്ക് മടക്കി അയച്ചത്. മൂപ്പനോടൊപ്പം വനവാസികളായ ബേബി ചെക്കൻ, കാടൻ ചെക്കൻ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.