പൂക്കോട്ടുംപാടം: അമരമ്പലത്ത് 107 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം ജനുവരി 27 ന് നടക്കും. തരിശ് മാമ്പൊയിലെ 82 കുടുംബങ്ങള്‍ക്കും പുതിയകളത്തെ 25 കുടുംബങ്ങള്‍ക്കുമാണ് പട്ടയം അനുവദിച്ചത്.
1963 ലെ കേരള ഭൂപരിഷ്ക്കരണ നിയമത്തിലെ 96ാം വകുപ്പ് പ്രകാരം ഇ.കെ. മാനവല്ലഭന്‍ തിരുമുല്‍പ്പാടിന്റെ 18 ഏക്കര്‍ ഭൂമി, മാനവല്ലഭന്‍ കാരണവര്പ്പാടിന്റെ അഞ്ചര ഏക്കർ ഭൂമി, കാര്‍ത്ത്യായനി തമ്പാട്ടിയുടെ ഉടമസ്ഥതയിലുള്ള രണ്ടര ഏക്കർ ഭൂമി എന്നിവക്കാണ് റവന്യു വകുപ്പ് പട്ടയം അനുവദിച്ചത്. ലാൻഡ് ബോര്‍ഡിന്റെ 1994 ഡിസംബര്‍ 20 ലെ സി.ആര് 872/73 നമ്പര്‍ ഉത്തരവു പ്രകാരമാണ് മുകളിൽ പറഞ്ഞ ജന്മിമാരിൽ നിന്ന് ഭൂമി ഏറ്റെടുത്തത്.
ഈ ഭൂമിയില്‍ 50 വർഷത്തിന് മുകളിലായി താമസിക്കുന്ന ചെറുകിട നാമമാത്ര കര്‍ഷകർക്കും പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്കുമാണ് പട്ടയം അനുവദിച്ചത്. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ബിജുവിന്റെയും പി.വി. അൻവർ എം.എൽ.എയുടെയും നീണ്ട പ്രയത്നത്തെ തുടർന്നാണ് പട്ടയം അനുവദിച്ചുള്ള ഉത്തരവിറങ്ങിയത്. 2020 ല്‍ 170 കുടുംബങ്ങൾക്ക് നേരത്തെ പട്ടയം നൽകിയി രുന്നു. ഇതോടെ പ്രദേശത്തെ 216 കുടുംബങ്ങൾ പട്ടയമുള്ളവരായി.
ജനുവരി 27 ന് ഉച്ചക്കുശേഷം അമരമ്പലം ഉള്ളാട് എല്‍.പി സ്കൂളിലാണ് പട്ടയ വിതരണം. ചടങ്ങില്‍ റവന്യു മന്ത്രി കെ. രാജന്, പി.വി. അന്‍വര്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി അമരമ്പലം വില്ലേജ് ഓഫിസില്‍ സ്വാഗതസംഘം രൂപവത്കരണ യോഗം ചേര്‍ന്നു.
അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കല്‍ ഹുസൈൻ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. അനീഷ്, പി. അബ്ദുൽഹമീദ് ലബ്ബ, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പി.എം. ബിജുമോൻ, നിലമ്പൂര്‍ തഹസില്‍ദാര്‍ എ. ജയശ്രീ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈനെയും കൺവീനറായി വില്ലേജ് ഓഫിസർ എൻ.വി. ഷിബുവിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.