പൂക്കോട്ടുംപാടം: പ്രായത്തെ മറികടന്ന വേഗത്തിൽ റെക്കാഡുകൾ വാരിക്കൂട്ടുകയാണ് റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടർ അമരമ്പലത്തെ പൂലാടൻ സുനിൽകുമാർ. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫസ്റ്റ് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 10,000, 1500 മീറ്ററിൽ ഒന്നാം സ്ഥാനം നേടി സ്വർണമെഡൽ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
കഴിഞ്ഞ തവണ കൊച്ചിൻ മാസ്റ്റേഴ്സ് അത്ലറ്റിക്സ് സംഘടിപ്പിച്ച ഓൾ കേരള ഓപൺ പ്രൈസ് മണി അത്ലറ്റിക് മീറ്റിലും സുനിൽ 5000 മീറ്ററിൽ സ്വർണവും 10,000,1500 മീറ്ററിൽ വെള്ളിമെഡലും നേടിയിരുന്നു. സ്കൂൾ തലം മുതൽ കായികമേളകളിൽ സജീവമായിരുന്ന സുനിൽ മമ്പാട് എം.ഇ.എസ് കോളജിലും എക്സൈസ് വകുപ്പിൽ ജോലി ലഭിച്ചതോടെ എക്സൈസ് കായികമേളയിലെയും വ്യക്തിഗത ചാമ്പ്യനുമായിരുന്നു. കൂടാതെ ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ദേശീയ-അന്തർ ദേശീയ മത്സരങ്ങളിലും പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്. 20 മാരത്തൺ മത്സരങ്ങളിൽ പങ്കെടുത്ത സുനിൽ ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഇതിനുവേണ്ടി പൂക്കോട്ടുംപാടം കേന്ദ്രമാക്കി സൺ റൈസ് റണ്ണേഴ്സ് എന്ന കായിക വിനോദ ഗ്രൂപ് രൂപത്കരിച്ചിട്ടുണ്ട്. സർവിസിൽനിന്ന് വിരമിച്ചവരെയും ആരോഗ്യമുള്ള ശരീരം ആഗ്രഹിക്കുന്നവരെയും യുവാക്കളെയും ഏകോപിപ്പിച്ചാണ് ഗ്രൂപ് പ്രവർത്തനം. പുലർച്ച അഞ്ചോടെ സജീവമാകുന്ന ഗ്രൂപ്പംഗങ്ങൾക്ക് വ്യായാമ മുറകളും കായിക പരിശീലനവും നൽകുന്നു. തന്റെ 59ാമത്തെ ജന്മദിനത്തിൽ 59 കി.മീ. ദൂരം ഓടി സുനിൽ പൊതുജനശ്രദ്ധ നേടിയിരുന്നു. കൂടാതെ എക്സൈസ് വകുപ്പിന്റെ 'വിമുക്തി' ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളിലും സജീവമാണ് സുനിൽ. ഉഷയാണ് ഭാര്യ. വിദ്യാർഥികളായ ശ്രുതി, ജിതിൻ, സ്വാതി എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.