പൂക്കോട്ടുംപാടം: കേരളത്തിലെ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുമുമ്പ് അർഹരായ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അമരമ്പലത്ത് പട്ടയ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അമരമ്പലത്ത് 16, 17, 18 വാർഡുകളിലെ 107 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. തരിശ് മാമ്പൊയിലെ 82 കുടുംബങ്ങള്‍ക്കും പുതിയകളത്തെ 25 കുടുംബങ്ങള്‍ക്കുമാണ് പട്ടയം അനുവദിച്ചത്.
ലാൻഡ് ബോര്‍ഡിന്റെ 1994 ഡിസംബര്‍ 20ലെ സി.ആര് 872/73 നമ്പര്‍ ഉത്തരവു പ്രകാരം, ജന്മിമാരായിരുന്ന മാനവല്ലഭന്‍ തിരുമല്‍പ്പാട്, മാനവല്ലഭന്‍ കാരണവർപ്പാട്, കാര്‍ത്ത്യായനി തമ്പാട്ടി എന്നിവരില്‍നിന്ന് ഭൂമി ഏറ്റെടുത്ത് ഇതില്‍ 50 വർഷത്തിന് മുകളിലായി താമസിക്കുന്ന ചെറുകിട കര്‍ഷകർക്കും പട്ടികജാതി, പട്ടിക വര്‍ഗ കുടുംബങ്ങൾക്കുമാണ് പട്ടയം അനുവദിച്ചത്.
ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പി.വി. അൻവർ എം.എൽ.എ മുഖ്യാതിഥിയായി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എൻ.എ. കരീം, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ബിജു, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു. ജില്ല, താലൂക്ക്, വില്ലേജ്, റവന്യൂ അധികൃതർ, പട്ടയ ഉപഭോക്താക്കൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല കലക്ടർ വി.ആർ. വിനോദ് സ്വാഗതവും പെരിന്തൽമണ്ണ സബ് കലക്ടർ ഡി. രഞ്ജിത് നന്ദിയും പറഞ്ഞു.
കാളികാവ്: ചോക്കാട് സ്മാർട്ട് വില്ലേജ് ഓഫിസ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഭൂരഹിതരായ എല്ലാവർക്കും ഭൂമി, എല്ലാവർക്കും ഭൂരേഖ എന്നതാണ് സർക്കാർ ലക്ഷ്യം. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
ജില്ല കലക്ടർ വി.ആർ. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റസിയ സൈനുദ്ദീൻ, ഗ്രാമപഞ്ചായത്ത് അംഗം എം. അൻവർ, സബ് കലക്ടർ ഡി. രഞ്ജിത്ത്, എ.ഡി.എം എൻ.എം. മെഹറലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ടി. മുജീബ്, ജ്യോതിഷ്, ബിനു ഉമ്മൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.