പൂക്കോട്ടുംപാടം: അമരമ്പലം തേൾപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടന വേദിയിൽ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പൊട്ടിത്തെറിച്ച് പി.വി. അൻവർ എം.എൽ.എ. ഗ്രാമപഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ചരിത്രം വിശദീകരിച്ച് നടത്തിയ സ്വാഗത പ്രസംഗമാണ് എം.എൽ.എയെ ചൊടിപ്പിച്ചത്. വി.കെ. ബാലസുബ്രഹ്മണ്യന്റെ പ്രസംഗത്തിന് ശേഷം സംസാരിച്ച എം.എൽ.എ ചില കാര്യങ്ങൾ പഞ്ചായത്ത് അംഗം മറന്ന് പോയതായും പഞ്ചായത്ത് അംഗത്തിന് ഓർമക്കുറവ് ഉണ്ടെന്നും പറഞ്ഞു.
2016ൽ ജനപ്രതിനിധിയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തുമ്പോൾ രണ്ട് പശുക്കളെ തൂണിൽ കെട്ടിയ നിലയിലും തെരുവ് നായ്ക്കൾ ആശുപത്രിക്ക് മുന്നിൽ കിടക്കുന്നതുമാണ് കണ്ടെതെന്നും പിന്നീട് ആരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർക്ക് വന്ന മാറ്റങ്ങൾ എന്തൊക്കെയാണന്ന് തിരിച്ചറിയാൻ കഴിയുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയതിന്റെ ഭാഗമായാണ് പഞ്ചായത്ത് ഒരു ഡോക്ടറെ നിയമിച്ച് ശമ്പളം നൽകുന്നതെന്നും ഇത് പഞ്ചായത്ത് അംഗം മനസ്സിലാക്കണമെന്നും പറയേണ്ട പല കാര്യങ്ങളും പഞ്ചായത്ത് അംഗം വിട്ടുപോയതായും എം.എൽ.എ പറഞ്ഞു. ആശുപത്രി ജനകീയമാക്കണമെന്നും അതിനുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയത്തിന് അപ്പുറം ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
പ്രതിഷേധവുമായി യു.ഡി.എഫ്
പൂക്കോട്ടുംപാടം: അമരമ്പലം തേൾപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടോദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ പി.വി. അൻവർ എം.എൽ.എ മോശം പരാമർശം നടത്തിയതിൽ യു.ഡി.എഫ് പ്രതിഷേധിച്ചു. അമരമ്പലം ഗ്രാമപഞ്ചായത്തും പഞ്ചായത്ത് അംഗം വി.കെ. ബാലസുബ്രഹ്മണ്യനും മുൻകൈയെടുത്ത് ആര്യാടൻ മുഹമ്മദ് എം.എൽ.എ ആയിരുന്നപ്പോൾ അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം അനുവദിച്ചതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.
കെട്ടിടോദ്ഘാടന ചടങ്ങിൽ വി.കെ. ബാലസുബ്രഹ്മണ്യൻ പഞ്ചായത്തിന്റെ വികസനവും ആശുപത്രിയിൽ വന്ന വികസന പ്രവർത്തനങ്ങളുമാണ് ചൂണ്ടിക്കാട്ടിയത്. കൂടാതെ ആർദ്രം പദ്ധതിയിൽ രോഗികൾക്ക് കിടത്തിച്ചികിത്സ ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം.എൽ.എയുടെ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, എം.എൽ.എ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് അംഗത്തെ രൂക്ഷമായി വിമർശിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ശ്രമിച്ചത്. പി.വി. അൻവർ എം.എൽ.എയായത് പഞ്ചായത്ത് അംഗം അറിഞ്ഞിട്ടുണ്ടാവില്ല എന്ന പരാമർശവും നടത്തി. ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ ആളുകൾ കുറഞ്ഞതിന് പഞ്ചായത്ത് അംഗത്തിന്റെയും ഭരണസമിതിയുടേയും മേൽ പഴിചാരുകയാണ് എം.എൽ.എ ചെയ്തെന്ന് യു.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി. എം.എൽ.എയുടെ വികസനം ജനങ്ങൾ കണ്ടതാണെന്നും ഏഴുവർഷം മുമ്പ് തുടങ്ങിയ കോളജിന്റെ വികസനം ഇതിന് നേർസാക്ഷ്യമാണെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ യു.ഡി.എഫ് നേതാക്കളായ ക്യാമ്പിൽ രവി, പൊട്ടിയിൽ ചെറിയാപ്പു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാലസുബ്രഹ്മണ്യൻ, എം.ടി. നാസർ ബാൻ, നിഷാദ് പൊട്ടേങ്ങൽ, എൻ. വിഷ്ണു, വി.പി. അഫീഫ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.