പൂക്കോട്ടുംപാടം: കൂറ്റമ്പാറയിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. കാളികാവ് ചെങ്കോട് സ്വദേശി തുണ്ടിയിൽ വീട്ടിൽ ഗുണ്ടു റാവുമുത്തു എന്ന സൈഫുദ്ദീനെയാണ് (34) എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ ആർ.എൻ. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. 2021 സെപ്റ്റംബർ 17ന് 181 കിലോഗ്രാം കഞ്ചാവും ഒരുകിലോ ഹഷീഷ് ഓയിലും പിടികൂടിയ കേസിൽ ആന്ധ്രപ്രദേശിൽനിന്നും കഞ്ചാവ് കൊണ്ടുവരാനായി പണം മുടക്കിയാളാണ് സൈഫുദ്ദീൻ.
ജില്ലയിൽ എക്സൈസിലും പൊലീസിലുമായി നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണിയാൾ. 2020 ഡിസംബറിൽ 14 കിലോ കഞ്ചാവുമായി ഇയാളെ കാളികാവ് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. എക്സൈസ് ക്രൈംബ്രാഞ്ച് ഈ കേസിന്റെ അന്വേഷണം ഏറ്റെടുത്ത ശേഷം കഞ്ചാവ് കൊണ്ടുവരാനായി ആന്ധ്രപ്രദേശിൽ പോയവരും അറിഞ്ഞുകൊണ്ട് വിട്ടുകൊടുത്തവരുമായ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ മൂന്നുപേരെ നേരത്തേ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എക്സൈസ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് സൈഫുദ്ദീനെ അറസ്റ്റ് ചെയ്തത്. മഞ്ചേരി നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോ ട്രോപ്പിക് സബ്സ്റ്റൻസസ് സ്പെഷൽ കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പ്രിവന്റിവ് ഓഫിസർമാരായ കെ.വി. സുഗന്ധ കുമാർ, കെ. സുധീർ, പി. സജീവ് സിവിൽ എക്സൈസ് ഓഫിസർ എ. ജിബിൽ, എക്സൈസ് ഡ്രൈവർ എൻ. രാജേഷ് എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.