പൂക്കോട്ടുംപാടം: പന്നി ഫാമുകൾക്കെതിരെ നാട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ സ്റ്റോപ് മെമ്മോ നൽകി. അമരമ്പലത്തെ പരിയങ്ങാട് പ്രവർത്തിക്കുന്ന രണ്ട് പന്നി ഫാമുകൾക്കാണ് ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകിയത്. പരിസരത്തെ മാലിന്യപ്രശ്നം ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയത്.
പരിയങ്ങാട്ടെ സ്വകാര്യ വ്യക്തികൾ പുരയിടത്തോട് ചേർന്ന് നടത്തുന്ന പന്നി ഫാമിൽ മാലിന്യ നിർമാർജനം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ ഒരു മാസം മുമ്പ് ഗ്രാമപഞ്ചായത്ത് അതികൃതർക്ക് പരാതി നൽകിയത്. ഇതിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഫാം സന്ദർശിക്കുകയും മാലിന്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ നിർദേശം നൽകുകയും ചെയ്തു. എന്നാൽ, ഇതിൽ സംതൃപ്തരാകാത്ത ജനങ്ങൾ കലക്ടർക്കും പരാതി നൽകിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ അമരമ്പലം ഗ്രാമപഞ്ചായത്തിനും ആരോഗ്യ വകുപ്പിനും നിർദേശം നൽകി. ഇതോടെ പഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കൽ അബ്ദുൽ റഷീദിെൻറ നേതൃത്വത്തിൽ അമരമ്പലം പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ വി. സുന്ദരനും ഗ്രാമപഞ്ചായത്ത് ജീവനക്കാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് പന്നി ഫാം സന്ദർശിക്കുകയും ഉടമകളെ നേരിൽ കണ്ട് സ്റ്റോപ് മെമ്മോ നൽകുകയുമായിരുന്നു.
ഒരാഴ്ചക്കുള്ളിൽ ഫാമിലെ പന്നികളെ പൂർണമായും ഒഴിവാക്കി ഫാം നടത്തിപ്പ് അവസാനിപ്പിക്കണമെന്ന നിർദേശമാണ് നൽകിയത്. എന്നാൽ, പരാതിയെ തുടർന്ന് തങ്ങളുടെ ഫാമിലെ ഭൂരിഭാഗം പന്നികളെയും വിറ്റ് ഒഴിവാക്കിയതായും പ്രസവിച്ച് കുട്ടികളുള്ള പന്നികൾ മാത്രമാണ് കൂട്ടിലുള്ളതെന്നും ഫാം ഉടമകൾ ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു. കൂട്ടിലെ അവശേഷിക്കുന്ന പന്നികളെ ലൈസൻസോടെ പ്രവർത്തിക്കുന്ന മറ്റൊരു കൂട്ടിലേക്ക് ഉടൻ മാറ്റിപ്പാർപ്പിക്കുമെന്ന് ഉടമകൾ ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.