പെരിന്തൽമണ്ണ: കോവിഡ് ചികിത്സക്ക് സർക്കാറിെൻറ പുതിയ മാർഗനിർദേശങ്ങൾ വന്നതോടെ സ്വകാര്യ ആശുപത്രികൾ പ്രത്യേക വാർഡും സൗകര്യങ്ങളും ഏർപ്പെടുത്തിത്തുടങ്ങി. പെരിന്തൽമണ്ണയിലെ നാല് ആശുപത്രികളിൽ മാത്രം ആകെയുള്ള 1586 കിടക്കകളിൽ 50 ശതമാനം കോവിഡ് ചികിത്സക്ക് നീക്കിവെക്കുമ്പോൾ 793 എണ്ണം ലഭിക്കും.
പെരിന്തൽമണ്ണ നഗരസഭ പരിധിയിൽമാത്രം രണ്ട് പ്രമുഖ സ്പെഷാലിറ്റി ആശുപത്രികളിലുൾപ്പെടെ 900 കിടക്കകളിൽ 450 എണ്ണം കോവിഡ് ചികിത്സക്ക് ഉപയോഗിക്കും. യഥാക്രമം 45, 50 വീതം കിടക്കകളുള്ള രണ്ട് ചെറിയ ആശുപത്രികൾ മാസങ്ങൾ മുമ്പ് അടച്ചുപൂട്ടി. സർക്കാർ ശേഖരിച്ച കണക്ക് പ്രകാരം കിംസ് അൽശിഫയിൽ 313, മൗലാനയിൽ 300, രാംദാസ് ആശുപത്രിയിൽ 95, പെരിന്തൽമണ്ണ നഴ്സിങ് ഹോമിൽ 48, ക്രാഫ്റ്റ് ആശുപത്രിയിൽ 35 എന്നിവയടക്കമാണ് 900 കിടക്കകളെന്ന് മുനിസിപ്പൽ ആരോഗ്യ വിഭാഗം അറിയിച്ചു.
പെരിന്തൽമണ്ണ ടൗണിെൻറ ഭാഗമാണെങ്കിലും മുനിസിപ്പൽ പരിധിയിൽ വരാത്ത ഇ.എം.എസ് സഹകരണ ആശുപത്രിയിൽ 373 ആക്ടിവ് ബെഡുണ്ട്. ഇതിെൻറ 50 ശതമാനമാണ് കോവിഡ് ചികിത്സക്ക്. ഇ.എം.എസിൽ ഐ.സി.യു ബെഡുകളും പുതിയ ഒാക്സിജൻ വാർഡും തയാറാക്കുന്നുണ്ട്.
എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിൽ സർക്കാർ രോഗികളെ ചികിത്സിക്കുന്നുണ്ട്.
പുതിയ മാർഗനിർദേശമനുസരിച്ച് ഇവിടത്തെ 600 കിടക്കകളിൽ 300 കോവിഡ് രോഗികളെ ചികിത്സിക്കാൻ സൗകര്യമുണ്ടാവുമെന്ന് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഹമീദ് ഫസൽ പറഞ്ഞു. ഇവിടെ കോവിഡിെൻറ തുടക്കത്തിൽ സർക്കാർ ആശുപത്രികളിൽനിന്ന് റഫർ ചെയ്യുകയോ മാറ്റുകയോ ചെയ്യുന്ന രോഗികളെ ചികിത്സിക്കുന്നുണ്ട്. എം.ഇ.എസ് ആശുപത്രിയിൽനിന്ന് സർക്കാറിന് നേരത്തേ നൽകിയ ഐ.സി.യു ബെഡ് 20 ആയിരുന്നെങ്കിലും 30 എണ്ണം കൂടി ഐ.സി.യുവിൽ വർധിപ്പിക്കുകയാണ്. നിലവിലിവിടെ നൂറു രോഗികളാണ് ചികിത്സയിൽ.
പരപ്പനങ്ങാടി: നഹാസ് ആശുപത്രിയിൽ സർക്കാർ നിർദേശാനുസരണം ഒരുനില മുഴുവൻ കോവിഡ് ചികിത്സക്കായി നീക്കിവെച്ചു. നാൽപതോളം രോഗികൾ ഇതിനകം ചികിത്സ തേടി. 25 പേർ പൂർണ സുഖം പ്രാപിച്ച് ആശുപത്രി വിട്ടപ്പോൾ അതി ഗുരുതരാവസ്ഥയിലായ ഏഴുപേരെ കൂടുതൽ വെൻറിലേറ്റർ സൗകര്യമുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.