പുലാമന്തോൾ: ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് പുലാമന്തോൾ വടക്കൻ പാലൂർ സ്വദേശി അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ടിട്ട് ഒരാണ്ട് തികഞ്ഞു. കഴിഞ്ഞ വർഷം ആഗസ്റ്റ് 29നായിരുന്നു ബിസിനസ് പങ്കാളികളായ സുഹൃത്തുക്കൾ ഷുക്കൂറിനെ ഡെറാഡൂണിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ബന്ധുവിെൻറ സഹായത്തോടെയാണ് ഷുക്കൂർ ബിറ്റ്കോയിനിൽ നിക്ഷേപമിറക്കിയത്. ബിസിനസ് പുരോഗമിച്ചതോടെ പ്രധാന പ്രതി മഞ്ചേരി സ്വദേശി ആഷിഖുമായി ഒത്തുചേർന്നായിരുന്നു ബിസിനസ് നടത്തിയിരുന്നത്. സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിൽനിന്നായി 486 കോടി രൂപയാണ് ഇവർ സമാഹരിച്ചത്. ബിറ്റ്കോയിൻ മൂല്യം തകർന്നതും ഷുക്കൂർ പുതുതായി ബിറ്റ്ജെജെക്സ് മണി ട്രേഡിങ് എന്ന പേരിൽ പുതിയ സ്ഥാപനം തുടങ്ങിയതും ഇവർ ശത്രുക്കളാവാൻ കാരണമായി. കണക്കുകൾ ശരിയാക്കാനെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ജൂലൈ 12നാണ് ഷുക്കൂറിനെ ഡെറാഡൂണിലേക്ക് കൊണ്ടുപോയത്. തുടർന്നുള്ള ദിവസങ്ങളിൽ ഏൽക്കേണ്ടിവന്ന പീഡനങ്ങളാണ് മരണത്തിലേക്ക് നയിച്ചത്.
ഫാരിസ് മംനൂൻ, അരവിന്ദ്, ആസിഫ് അലി, സുഹൈൽ മുഖ്താർ, അഫ്താബ് എന്നിവരെ ഡെറാഡൂൺ പൊലീസ് സംഭവ ദിവസംതന്നെ പിടികൂടിയിരുന്നു. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും മുഖ്യമന്ത്രി, ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. ഏതാനും ആഴ്ചകൾക്ക് ശേഷം മുൻകൂർ ജാമ്യത്തിനായെത്തിയ മുഖ്യ പ്രതിയെന്ന് പറയുന്ന മഞ്ചേരി സ്വദേശി ആഷിഖിനെയും ശേഷം മറ്റു പ്രതികളായ ഷിഹാബ്, അർഷാദ്, മുനീഫ്, യാസിൻ എന്നിവരെയും പിടികൂടുകയായിരുന്നു.
ഇതിൽ ഒമ്പത്, 10 പ്രതികളും വിദ്യാർഥികളുമായ രണ്ടുപേർക്ക് പരീക്ഷ എഴുതുന്നതിനും മറ്റുമായി കോടതി ജാമ്യമനുവദിച്ചിരുന്നു. ബാക്കി എട്ടുപേരും കോടതി റിമാൻഡിൽ തന്നെയാണുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ പ്രതികളെ കോടതിയിലെത്തിക്കാനും മറ്റും തടസ്സം നേരിട്ടതിനാൽ കേസ് വിസ്താരം അനിശ്ചിതാവസ്ഥയിലാണെന്നും എങ്കിലും പ്രതികൾക്ക് രക്ഷപ്പെടാനാവാത്തവിധം തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ഡെറാഡൂൺ പൊലീസ് മേധാവി കഴിഞ്ഞദിവസം ടെലിഫോണിലൂടെ അറിയിച്ചതായി ഷുക്കൂറിെൻറ ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.