പുലാമന്തോൾ: പെൺമക്കളുടെ വിവാഹ ആവശ്യാർഥം വാങ്ങിയ കടം തിരിച്ചടക്കാനായില്ല, വീട് ബാങ്ക് ജപ്തി ചെയ്തു. സുമനസ്സുകളുടെ സഹായം തേടി രോഗിയായ വയോധികയും മകളും. പാലൂർ മില്ലുംപടിയിൽ താമസിക്കുന്ന പരേതനായ പാറപ്പുറയൻ ഇബ്രാഹിമിന്റെ ഭാര്യ സുലൈഖയും മകളുമാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.
ഒമ്പത് വർഷം മുമ്പ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മലപ്പുറം ശാഖയിൽ വീടിന്റെ ആധാരം ഈടു നൽകി അഞ്ച് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടച്ചുകൊണ്ടിരിക്കെ ഗൃഹനാഥൻ രോഗം പിടിപെട്ട് മരണപ്പെട്ടു. ഇവരുടെ ആശുപത്രി ചികിത്സക്ക് രണ്ട് ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നു.
ഇതും തിരിച്ച് നൽകാനാവാത്ത അവസ്ഥയാണ്. ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ ഒമ്പത് വർഷത്തിനിടക്ക് 50,000 രൂപ മാത്രമാണ് തിരിച്ചടക്കാനായത്. ഇതിനിടെ അർബുദ രോഗിയായ സുലൈഖ മൂന്ന് മാസം മുമ്പ് ബൈക്കിടിച്ച് കാലിന്റെ എല്ല് തകർന്ന് കിടപ്പിലായി. ഈ സമയത്താണ് ബാങ്ക് അധികൃതർ ജപ്തി ഭീഷണിയുമായെത്തിയത്. വീട്ടിൽ നിന്നിറങ്ങി കൊടുക്കുകയല്ലാതെ മാർഗമുണ്ടായില്ല.
വയോധികയെ ദയാദാക്ഷിണ്യമില്ലാതെ വീട്ടിൽ നിന്നിറക്കി വിട്ടതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. ഇപ്പോൾ 4000 രൂപ വാടക നൽകി മറ്റൊരു വീട്ടിലാണ് താമസം. കൂടെയുള്ള വിവാഹമോചിതയായ മകൾക്ക് പുറംജോലിക്ക് പോവാനും പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ പലിശയടക്കം 14 ലക്ഷത്തോളം രൂപ ബാങ്കിൽ ബാധ്യതയുണ്ട്.
ഇവരുടെ നിലവിലെ അവസ്ഥയിൽ മധ്യസ്ഥക്കാർ മുഖേനെ ഏഴ് ലക്ഷം രൂപ അടച്ചാൽ അധാരം തിരികെ നൽകാമെന്ന് ബാങ്ക് അധികൃതർ അറിയിച്ചതായും പറയുന്നു.
എന്നാൽ നിത്യജീവിതത്തിന് മാർഗമില്ലാതെ നട്ടം തിരിയുന്ന ഇവരുടെ ദയനീയാവസ്ഥയിൽ എം.കെ. അഷ്റഫ് ചെയർമാനും, എം.സി. സൈതലവി കൺവീനറും, സി.പി. യുസുഫ് ട്രഷററുമായ പാലൂർ മഹല്ലിന്റെ നേതൃത്വത്തിൽ സുലൈഖ കുടുംബ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് പുലാമന്തോൾ ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. നമ്പർ: 05950 5300000 8573. IFSC: SIBL0000595. ഫോൺ: ചെയർമാൻ (7561800155), കൺവീനർ (9061000105).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.