പുലാമന്തോൾ: കാഞ്ഞിരപ്പുഴ ഡാം തുറന്നുവിടുകയും സൈലൻറ് വാലി പ്രദേശങ്ങളിൽ കാലവർഷം ശക്തമാവുകയും ചെയ്തതോടെ ജലനിരപ്പ് ഉയർന്നും താഴ്ന്നും ആശങ്കയൊഴിയാതെ കുന്തിപ്പുഴയോരവാസികൾ. നാലു ദിവസമായി കുന്തിപ്പുഴ പരിസരവാസികൾ ആശങ്കയുടെയും അതോടൊപ്പം ആശ്വാസത്തിെൻറയും മുൾമുനയിലാണ്.
രാത്രികളിൽ നിലക്കാതെപെയ്യുന്ന മഴകാരണം പുലർച്ച കുന്തിപ്പുഴയുടെ കരകവിയുന്നതും അനുബന്ധതോടുകൾ നിറയുന്നതും കാണുമ്പോൾ അടുത്ത പ്രളയം വീട്ടുമുറ്റത്തെത്തിയെന്ന ആധിയിലാണ് പ്രദേശവാസികൾ.
എന്നാൽ, ഉച്ചയോടെ വെള്ളം തിരിച്ചിറങ്ങുന്നത് ഇവർക്ക് ആശ്വാസമേകുന്നുണ്ട്. കഴിഞ്ഞ രണ്ട് തവണയും പ്രളയകെടുതികൾ ഏറെ ഏറ്റുവാങ്ങേണ്ടിവന്നവരാണ് ഏലംകുളം ഗ്രാമപഞ്ചായത്തിലെ കൊട്ടാരക്കുന്ന്, പട്ടുകുത്ത് തുരുത്ത്, മനമുക്ക്, ഏലംകുളം അടിവാരം പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ വളപുരം, പുലാമന്തോൾ തുരുത്ത്, താവുള്ളി തോട് പരിസരം, കൊള്ളിത്തോട്, പാലൂർ ചെട്ടിയങ്ങാടി, പുലാമന്തോൾ യു.പി നിവാസികൾ. ഇത്തവണ ദിവസങ്ങൾക്ക് മുമ്പുതന്നെ ജാഗ്രതപുലർത്താനും ഏതുസമയവും ക്യാമ്പുകളിലേക്ക് പോവാൻ തയാറാവാനുമുള്ള മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു.
പ്രളയത്തിൽ അകപ്പെടുന്നവരെ രക്ഷിക്കാൻ ഏലംകുളം, പുലാമന്തോൾ ഗ്രാമപഞ്ചായത്തുകളിൽ ഫൈബർ ബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രളയബാധിതരെ മാറ്റിത്താമസിപ്പിക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ സബ് കലക്ടർ, പെരിന്തൽമണ്ണ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്-റവന്യൂ, ഗ്രാമപഞ്ചായത്ത്-അധികാരികൾ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.