മലപ്പുറം: കലക്ടറേറ്റിൽ എല്ലാ സർക്കാർ ഓഫിസുകളിലും പഞ്ചിങ് മെഷീൻ സ്ഥാപിക്കൽ പൂർത്തിയായില്ല. മാർച്ച് 31നകം പഞ്ചിങ് മെഷീൻ സ്ഥാപിക്കാനാണ് നിർദേശമുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് എല്ലാ വകുപ്പ് മേധാവികൾക്കും ജില്ല കലക്ടർ വി.ആര്. പ്രേംകുമാര്‍ നിർദേശം നൽകി.
എ.ഡി.എം എൻ.എം. മെഹറലിക്കാണ് പദ്ധതി മേൽനോട്ട ചുമതല നൽകിയിരുന്നത്. എന്നാൽ, എല്ലാ ഓഫിസുകളിലും ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. കലക്ടറേറ്റിലെ റവന്യൂ സെക്ഷനിൽ നേരത്തേ പഞ്ചിങ് പൂർത്തിയായിരുന്നു. ഇതോടെ റവന്യൂ വകുപ്പിൽ പഞ്ചിങ് വിവരങ്ങൾ സ്പാർക്ക് സോഫ്റ്റ് വെയറുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
നിലവിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ പലയിടങ്ങളിലായി ചിതറിക്കിടക്കുന്നത് കാരണം ഏകീകരിച്ച പഞ്ചിങ് സംവിധാനം നടപ്പാക്കുക പ്രയാസകരമാണ്. ഈ പ്രശ്നം പരിഹരിക്കാൻ അതത് വകുപ്പുകളോട് അവരുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനാണ് നിർദേശം.
ജീവനക്കാരുടെ ഹാജർ നില ബയോ മെട്രിക് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ജനുവരി മുതലായിരുന്നു പഞ്ചിങ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം ഫെബ്രുവരിയിലേക്ക് നീണ്ടു. എന്നാൽ, മുഴുവൻ ഓഫിസുകളിലും പഞ്ചിങ് തുടങ്ങാൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. പദ്ധതി പൂർത്തിയാകാതെ വന്നതോടെയാണ് ഏപ്രിൽ മാസത്തിന് മുന്നോടിയായി മുഴുവൻ കേന്ദ്രങ്ങളിലും പഞ്ചിങ് യാഥാർഥ്യമാക്കാൻ ചീഫ് സെക്രട്ടറി ജില്ല ഭരണകൂടത്തിന് നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.