മലപ്പുറം: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ, കുട്ടികളെ കൈയിലെടുക്കാൻ വ്യത്യസ്തതയാർന്ന ഉൽപന്നങ്ങളുമായി സ്കൂൾ വിപണി സജീവം. ബാഗ്, കുട, ചെരിപ്പ്, ചോറ്റുപാത്രം, നോട്ടുപുസ്തകം, പേന, പെൻസിൽ തുടങ്ങി കുട്ടികൾക്ക് വേണ്ടതെല്ലാം വിപണിയിലുണ്ട്.
സാധനങ്ങൾക്കെല്ലാം മുൻവർഷത്തേക്കാൾ വില അൽപം കൂടിയിട്ടുണ്ട്. പൊതുവിപണിയോടൊപ്പം ഓൺലൈനിലും കച്ചവടം പൊടിപൊടിക്കുന്നുണ്ട്. പല നിറത്തിലും മോഡലുകളിലുമുള്ള കുടകളും ബാഗുകളും കടകളിലുണ്ട്. സ്കൂൾകുട്ടികൾക്ക് പ്ലെയിൻ, പ്രിന്റ് ബാഗുകളോടാണ് കൂടുതൽ ഇഷ്ടം; കോളജ് വിദ്യാർഥികൾക്കാവട്ടെ സൈഡ് ബാഗുകളോടും. 350-800 രൂപ വരെയാണ് ഇവയുടെ വില. ആനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 800 രൂപ മുതൽ മുകളിലോട്ടാണ് വില.
കാർട്ടൂൺ, സൂപ്പർ ഹീറോസ് കഥാപാത്രങ്ങളുടെ ബാഗുകളാണ് കുട്ടികൾക്ക് ഏറെ ഇഷ്ടം. പെൺകുട്ടികൾ കൂടുതലും തിരഞ്ഞെടുക്കുന്നത് യൂനികോൺ ബാഗുകളാണ്. ഇവക്ക് 795 രൂപയോളമാണ് വില. ബാഗ്, കിറ്റ്, പൗച്ച് എന്നിവ അടങ്ങുന്ന കോംബോകളും ബാഗ് കമ്പനികൾ നൽകുന്നുണ്ട്. ഫ്ലോറൽ പ്രിന്റുകളും മറ്റുമുള്ള ജൂട്ട് ബാഗുകളും വിപണി കൈയടക്കിയിട്ടുണ്ട്.
ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് ഇവ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, സ്വന്തമായി ബാഗുകൾ നിർമിക്കുന്ന കടകൾ ജില്ലയിലെ പല പട്ടണങ്ങളിലുണ്ട്. ഇന്ത്യൻ നിർമിതിക്കു പുറമേ ചൈനീസ് ബാഗുകളും വിപണിയിൽ സുലഭമാണ്. ബാഗുകളെപ്പോലെതന്നെ കാർട്ടൂൺ കഥാപാത്രങ്ങളടങ്ങുന്ന കുടകളും കുട്ടികളെ ആകർഷിക്കുന്നുണ്ട്. ചെറിയ കുട്ടികളുടെ കുടകൾക്ക് 260 രൂപ മുതലാണ് വില തുടങ്ങുന്നത്.
വിലയിൽ ഈ വർഷം ചെറിയതോതിൽ വർധന വന്നിട്ടുണ്ട്. കുടകളിൽ പോപ്പി തന്നെയാണ് ഇപ്പോഴും മുൻനിരയിൽ. കഴിഞ്ഞ വർഷം 380 രൂപക്ക് കൊടുത്തിരുന്ന പോപ്പി കുടകൾ ഇപ്പോൾ 440 രൂപക്കാണ് വിൽക്കുന്നത്.
ക്ലാസ്മേറ്റ് നോട്ട്ബുക്കുകൾക്കു പുറമേ കുന്നംകുളത്തുനിന്നും മറ്റും എത്തുന്ന ഗുണമേന്മയിൽ ഒട്ടും മോശമല്ലാത്ത നോട്ട്ബുക്കുകളും വിപണിയിലുണ്ട്. ഡിസ്കൗണ്ട് നിരക്കിലാണ് നോട്ട്ബുക്ക് വിൽപന. കണ്ണഞ്ചിപ്പിക്കുന്ന നിറത്തിലും രൂപത്തിലുമായി വെള്ള കുപ്പി, റബർ, ലഞ്ച് ബോക്സ്, കട്ടർ, പെൻസിൽ എന്നിവയും കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറക്കാനായി സ്റ്റീൽ കുപ്പികൾ, ഫൈബർ കുപ്പികൾ എന്നിവക്കാണ് ആവശ്യക്കാർ കൂടുതൽ. 195 മുതലാണ് ഇവയുടെ വില. സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി യൂനിഫോം, ഡ്രസ്, ചെരിപ്പ് എന്നിവ എടുക്കുന്നതിനാൽ കടകൾ രാത്രിയും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.