മലപ്പുറം: മലപ്പുറം സി.എച്ച് സെൻററിന് കീഴിൽ ജില്ല ആസ്ഥാനത്ത് നിർമിച്ച ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രം ശനിയാഴ്ച നാടിന് സമർപ്പിക്കും. 17,000 സ്ക്വയർ ഫീറ്റിൽ കിഴക്കേത്തലയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് കേന്ദ്രം നിർമിച്ചത്. കിഴക്കേത്തലയിലെ സൈനബ ഹജ്ജുമ്മ സൗജന്യമായി നൽകിയ 1.3 ഏക്കർ സ്ഥലത്താണ് കിഡ്നി രോഗികൾക്ക് ആശ്വാസമായി ഡയാലിസിസ് കേന്ദ്രവും അനുബന്ധ സ്ഥാപനങ്ങളും. ആദ്യഘട്ടം പത്ത് മെഷീനുകളിലായി രണ്ട് ഷിഫ്റ്റിൽ 20 രോഗികൾക്ക് ഡയാലിസിസ് ചെയ്യും. സി.എച്ച് സെൻററിന് പുതിയ കെട്ടിടമായതോടെ മെഡിക്കൽ എയിഡ് സെൻറർ, ആംബുലൻസ് സർവിസ്, മൊബൈൽ ഫ്രീസർ, ഓക്സിജൻ കോൺസെൻേട്രറ്റർ എന്നീ സൗകര്യങ്ങൾ കൂടി ലഭ്യമാകും.
രാവിലെ 10ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സി.എച്ച് സെൻറർ ജനറൽ സെക്രട്ടറി പി. ഉബൈദുല്ല എം.എൽ.എ, വർക്കിങ് സെക്രട്ടറി യൂസുഫ് കൊന്നോല, പി. ഉസ്മാൻ, ഹാരിസ് ആമിയൻ, തറയിൽ അബു, ഫെബിൻ കളപ്പാടൻ എന്നിവർ സംബന്ധിച്ചു.
വിവാഹ ദിനത്തിൽ സി.എച്ച് സെൻററിന് കൈത്താങ്ങായി വധൂവരന്മാർ
മഞ്ചേരി: വിവാഹ ദിനത്തിൽ മഞ്ചേരി സി.എച്ച് സെൻററിന് സഹായം നൽകി വധൂവരന്മാർ. ആലുക്കൽ സ്വദേശി പാറക്കൽ അബ്ദുല്ലക്കുട്ടിയുടെ മകൻ ബെൻസിനും അത്താണിക്കൽ വെള്ളൂർ സ്വദേശി പീടിക പറമ്പൻ മുസ്തഫയുടെ മകൾ ഫാത്തിമ ജുമാനയും തമ്മിലുള്ള വിവാഹത്തിലാണ് സഹായധനം കൈമാറിയത്.
പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന മഞ്ചേരി സി.എച്ച് സെൻററിനുവേണ്ടി മുനിസിപ്പൽ യൂത്ത് ലീഗ് നടത്തുന്ന കാമ്പയിനിൽ ദമ്പതികൾ ഭാഗമായി. സി.എച്ച് സെൻറർ സെക്രട്ടറി കണ്ണിയൻ മുഹമ്മദാലിക്ക് പാറക്കൽ അബ്ദുല്ലക്കുട്ടി ഫണ്ട് കൈമാറി. പി.പി. മുസ്തഫ, നവാസ് പുല്ലാര, പാറക്കൽ മുഹമ്മദ്, വാർഡ് യൂത്ത് ലീഗ് പ്രസിഡൻറ് റഷീദ് മുട്ടിപ്പടി, പി.പി. സിയാദലി, പി.പി. സഹദ് മുസ്തഫ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.