താനൂർ: മീനടത്തൂർ റെയിൽവേ ഓവർബ്രിഡ്ജിൽ തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും അധികൃതർ പുനഃസ്ഥാപിക്കുന്നില്ലെന്ന് ആക്ഷേപം. 2004 ഫെബ്രുവരി 15നാണ് മീനടത്തൂർ റെയിൽവേ ഓവർബ്രിഡ്ജ് നാടിന് സമർപ്പിച്ചത്.
താനാളൂർ പഞ്ചായത്താണ് പാലത്തിലെ തെരുവുവിളക്കുകൾ സ്ഥാപിച്ചത്. ഇപ്പോൾ ഒരെണ്ണംപോലും കത്തുന്നില്ല. ചേളാരി മുതൽ പൊന്നാനി, കുറ്റിപ്പുറം, എടപ്പാൾ സംസ്ഥാന പാതയാണിത്. നിരവധി ലോറികളും മറ്റു വാഹനങ്ങളും ദേശീയപാത വഴിയല്ലാതെ ഇത് മാർഗം കടന്നുപോവുന്നുണ്ട്. പാലത്തിൽ വെളിച്ചമില്ലാത്തത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടിട്ടുമുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങളിൽ പാലത്തിന്‍റെ തുടക്കഭാഗത്തെ കൈവരി തകർന്നിട്ടുമുണ്ട്.
രാത്രി പാലത്തിൽ വെളിച്ചമില്ലാത്തത് കാരണം ഫുട്പാത്തിലൂടെയുള്ള കാൽനടയാത്രക്കാരും ഭീതിയിലാണ്. പഞ്ചായത്തുകൾ സ്വകാര്യകമ്പനികളുടെ പരസ്യം സ്ഥാപിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കാറുണ്ടെങ്കിലും താനാളൂർ പഞ്ചായത്ത് അത്തരം പദ്ധതികൾക്കും തയാറായിട്ടില്ല. തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കാൻ ഫണ്ട് വകയിരുത്തിയതിനെക്കുറിച്ച് ഒരു അറിവും പഞ്ചായത്ത് അധികൃതർക്ക് പോലും ഇല്ല.
പെരുവഴിയമ്പലം മുതൽ മൂലക്കൽ വരെയുള്ള ഭാഗങ്ങളിൽ തെരുവുവിളക്കുകൾ കത്തുന്നുമുണ്ട്. മീനടത്തൂർ പാലത്തിൽ മാത്രമാണ് കത്താത്തത്. വിളക്കുകൾ പുനഃസ്ഥാപിച്ചാൽ വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ധൈര്യമായി രാത്രികളിൽ പാലത്തിലൂടെ യാത്ര ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.