താനൂർ: സ്കൂൾ വിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന വിദ്യാർഥിനികൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വലിയൊരു ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ടത്. കുട്ടികൾ ട്രാക്കിലൂടെ നടക്കുന്നത് ശ്രദ്ധയിൽപെട്ട എറണാകുളം -നിസാമുദ്ദീൻ മംഗള എക്സ്പ്രസിലെ ലോക്കോ പൈലറ്റ് പയ്യന്നൂർ സ്വദേശി വിനോദ് തുടർച്ചയായി ഹോണടിച്ചെങ്കിലും കുട്ടികൾ സംസാരത്തിനിടെ കേട്ടില്ല. അപകടം മണത്ത വിനോദ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. ട്രെയിൻ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ എത്തിയപ്പോഴാണ് കൂട്ടത്തിലൊരു കുട്ടി തിരിഞ്ഞുനോക്കിയതും മൂന്നുപേരും കൂടി പാളത്തിന് പുറത്തേക്ക് ചാടിയതും.
സംഭവത്തിനു ശേഷം ലോക്കോ പൈലറ്റ് വിനോദ് ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപിക ബിന്ദുവിന്റെ നമ്പർ തേടിപ്പിടിച്ച് അയച്ച വാട്സ്ആപ് ശബ്ദസന്ദേശം വൈറലായിരിക്കുകയാണ്. അയ്യായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലേയും തൊട്ടടുത്ത എസ്.എം.യു.പി സ്കൂളിലേയും വിദ്യാർഥികളാണ് ഇത്തരത്തിൽ റെയിൽവേ ട്രാക്കിലൂടെ അപകട സഞ്ചാരം നടത്തുന്നത്. റെയിൽവേ അണ്ടർ പാത്ത് വേയും കുട്ടികളുടെ സുരക്ഷക്കായി അധ്യാപകരുടെ മേൽനോട്ടവുമുണ്ടെങ്കിലും പല കുട്ടികളും റെയിൽവേ ട്രാക്കിലൂടെ നടക്കുന്നത് തുടരുന്നത് വലിയ ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുമെന്നാണ് അധ്യാപകരും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.