മലപ്പുറം: സാക്ഷരത മിഷൻ നേതൃത്വത്തിൽ, ജില്ലയിലെ തെരഞ്ഞെടുത്ത 15 പഞ്ചായത്തുകളിലെ 8000 പേരെ സാക്ഷരരാക്കുന്ന പദ്ധതിക്ക് ഉടൻ തുടക്കമാവും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (എൻ.ഐ.എൽ.പി-ഉല്ലാസ്) മൂന്നാംഘട്ടമാണ് ഏപ്രിൽ ആദ്യം ജില്ലയിൽ ആരംഭിക്കുന്നത്. 2022 മുതൽ കേന്ദ്ര സർക്കാർ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നാടിനെ പരിപൂർണ സാക്ഷരതയിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും ബാക്കി സംസ്ഥാനവും വഹിക്കും.
ഒന്നാംഘട്ടത്തിൽ നടപ്പാക്കിയ പഠന ലിഖിന അഭിയാൻ (പി.എൽ.എ) പ്രകാരം ജില്ലയിലെ 43000 പേർക്കാണ് അക്ഷര വെളിച്ചം പകർന്നുനൽകിയത്. 2023ൽ എൻ.ഐ.എൽ.പി-ഉല്ലാസ് എന്ന പേരിൽ നടപ്പാക്കിയ രണ്ടാംഘട്ടത്തിൽ 7991 പേർ അക്ഷര വഴിയിലെത്തി. വഴിക്കടവ്, പാണ്ടിക്കാട്, താഴേക്കോട്, മൂർക്കനാട്, ആനക്കയം, ഊർങ്ങാട്ടിരി, വാഴയൂർ, കണ്ണമംഗലം, വള്ളിക്കുന്ന്, നിറമരുതൂർ, പുറത്തൂർ, ഇരിമ്പിളിയം, എടപ്പാൾ, നന്നംമുക്ക്, കരുളായി ഗ്രാമപഞ്ചായത്തുകളിലാണ് മൂന്നാംഘട്ടം നടപ്പാക്കുന്നത്. ദേശീയ സാക്ഷരത മിഷൻ മാർഗനിർദേശപ്രകാരമാണ് ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത്.
പഠിതാക്കളിൽ 15 ശതമാനം പട്ടികജാതിയും അഞ്ച് ശതമാനം പട്ടികവർഗവും 31ശതമാനം ന്യൂനപക്ഷവും 49 ശതമാനം ഇതര വിഭാഗങ്ങളും ആയിരിക്കണം. മേൽ വിഭാഗങ്ങളിലെ ആകെ സ്ത്രീകൾ 79 ശതമാനവും പുരുഷൻമാർ 21 ശതമാനവും ആയിരിക്കണമെന്നും നിഷ്കർഷയുണ്ട്. തെരഞ്ഞെടുക്കുന്ന 8000 പഠിതാക്കളിൽ 1680 പേർ പുരുഷൻമാരും 6320 പേർ സ്ത്രീകളും 1200 പേർ എസ്.സിയും 400 പേർ എസ്.ടിയും 2480 പേർ ന്യൂനപക്ഷവും ബാക്കി 3920 പേർ ജനറൽ വിഭാഗക്കാരും ആയിരിക്കണം. സർവേയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽനിന്നും ആവശ്യമായ പഠിതാക്കളെ ലഭിച്ചില്ലെങ്കിൽ മറ്റു രണ്ട് പഞ്ചായത്തുകളെകൂടി പരിഗണിക്കും.
എട്ട് മുതൽ പത്തുവരെ പഠിതാക്കൾക്ക് ഒരു സന്നദ്ധ അധ്യാപകൻ എന്ന നിലയിലാണ് ക്ലാസ് ക്രമീകരിക്കുക. 120 മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് പഠിതാക്കൾക്ക് നൽകുന്നത്. പഠിതാക്കളുടെ സൗകര്യം അനുസരിച്ച് ഓൺലൈൻ/ഓഫ്ലൈൻ അടിസ്ഥാനത്തിൽ ക്ലാസുകൾ ഏർപ്പെടുത്തും. സാക്ഷരത ക്ലാസുകളോടൊപ്പം ഡിജിറ്റൽ-സാമ്പത്തിക-നിയമ സാക്ഷരത, ആരോഗ്യ-ശുചിത്വ ബോധവത്കരണം, ഡിസാസ്റ്റർ മാനേജ്മെന്റ് തുടങ്ങിയവയിൽ പഠിതാക്കൾക്ക് പരിശീലനം നൽകും.
പഞ്ചായത്തുകളിൽ പദ്ധതിയുടെ സംഘാടകച്ചുമതല അതത് പ്രേരക്മാർക്കാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായും ജില്ല കലക്ടർ ചീഫ് കോഓഡിനേറ്ററുമായ സംഘാടക സമിതിയാണ് ജില്ലയിൽ പദ്ധതിക്ക് നേതൃത്വം നൽകുക. ജൂൺ 29ന് മികവുത്സവം എന്ന പേരിൽ പഠിതാക്കൾക്കുള്ള സാക്ഷരത പരീക്ഷ നടത്തും. വിജയികൾക്ക് സംസ്ഥാന സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ ദീപ ജയിംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.