തിരൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിശീലനത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ മുഴുവൻ എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ഏകദിന പരിശീലനത്തിൽ പങ്കെടുക്കാതിരിക്കുന്നവർക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ജനുവരി 27ന് നടത്തിയ മൂന്നാംഘട്ട അധ്യാപക സംഗമങ്ങളിൽ അധ്യാപകരുടെ പങ്കാളിത്തം കുറഞ്ഞതാണ് നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നത്. കെ.ഇ.ആർ ചാപ്റ്റർ 13 (അഞ്ച്, ഏഴ്) പ്രകാരം വകുപ്പ് നിർദേശിക്കുന്ന പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കണമെന്നാണ് ചട്ടം.
27ന് നടത്തിയ പരിശീലനത്തിൽനിന്ന് മുങ്ങിയവർക്കായി ഫെബ്രുവരി 17ന് അധ്യാപക സംഗമം നടക്കുമെന്നും അതിലും പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് നിർദേശം നൽകിയതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഇറക്കിയ ഉത്തരവിൽ പറയുന്നു. ഒരോ വിഭാഗത്തിലും പങ്കെടുക്കാത്ത അധ്യാപകരുടെ എണ്ണം അനുസരിച്ച് ബാച്ചുകൾ ക്രമീകരിച്ചാണ് പരിശീലനം നടത്തേണ്ടത്. ജില്ല അടിസ്ഥാനത്തിൽ പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കാനും 55ൽ അധികം പേരുണ്ടെങ്കിൽ ഒന്നിലധികം ബാച്ചുകൾ ക്രമീകരിക്കാനുമാണ് നിർദേശം.
എന്നാൽ, അഞ്ചോ അതിൽ കുറവോ ആളുകളാണ് ഉള്ളതെങ്കിൽ സമീപ ജില്ലയുമായി സംയോജിപ്പിച്ച് പരിശീലനം നടത്താം. പങ്കെടുക്കുന്ന അധ്യാപകർക്ക് 40 രൂപ വീതം റിഫ്രഷ്മെൻറിന് ലഭിക്കുമെങ്കിലും യാത്ര ബത്ത അനുവദിക്കില്ലെന്നും സർക്കുലറിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.