വെളിയങ്കോട്: ദേശീയപാത നിർമാണ ഭാഗമായ കനാലിൽനിന്നുള്ള വെള്ളം ജനവാസ മേഖലയിലേക്കും ഖബർസ്ഥാനിലേക്കും ഒഴുക്കുന്നതിനെത്തുടർന്ന് നിർമാണ കമ്പനിയെ പരസ്യമായി ശാസിച്ച് ജില്ല കലക്ടർ.
വെളിയങ്കോട് മഹല്ല് കമ്മിറ്റി നൽകിയ പരാതിയെത്തുടർന്ന് ജില്ല കലക്ടറോട് റിപ്പോർട്ട് നൽകാൻ ഹൈകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ പദ്ധതി പ്രദേശം സന്ദർശിച്ച ശേഷം നടന്ന യോഗത്തിലാണ് ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ ഉദ്യോഗസ്ഥരെ ശാസിച്ചത്. ദേശീയപാത നിർമാണ ഭാഗമായി വെളിയങ്കോട്, പൊന്നാനി, ഈഴുവത്തിരുത്തി, കാലടി വില്ലേജ് പരിധികളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത് നിർമാണ കമ്പനിയുടെ വീഴ്ചമൂലമാണെന്ന് കലക്ടർ പറഞ്ഞു.
ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വീഴ്ചയുണ്ടായാൽ നിയമനടപടി നേരിടേണ്ടിവരുമെന്നും ജില്ല കലക്ടർ മുന്നറിയിപ്പ് നൽകി.
വെളിയങ്കോട് മഹല്ല് കമ്മിറ്റിയുടെയും നാട്ടുകാരുടെയും പരാതി കേട്ട ശേഷമാണ് ജില്ല കലക്ടർ ദേശീയപാത അധികൃതർ, പി.ഡബ്ല്യൂ.ഡി, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർമാർ, കെ.എൻ.ആർ.സി പ്രതിനിധികൾ എന്നിവരുടെ അടിയന്തര യോഗം പൊന്നാനി തഹസിൽദാറുടെ ചേംബറിൽ ചേർന്നത്.
പരാതിയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് സെപ്റ്റംബർ 18ന് മുമ്പ് വിശദ റിപ്പോർട്ട് നൽകാനാണ് ജില്ല കലക്ടറോട് കോടതി നിർദേശിച്ചത്.
പുതുപൊന്നാനി പാലം മുതൽ വെളിയങ്കോട് വരെ പ്രദേശത്തെ ആറ് കലുങ്കുകൾ വഴിയാണ് വെള്ളം ജനവാസ മേഖലയിലേക്ക് എത്തുന്നത്. നേരത്തേ ഈ ഭാഗത്തെ മഴവെള്ളം കാഞ്ഞിരമുക്ക് പുഴയിലേക്കാണ് ഒഴുകിയിരുന്നത്.
എന്നാൽ, കാന ഉയർത്തി നിർമിച്ചതോടെ മഴവെള്ളം സമീപത്തെ വീടുകളുടെ പറമ്പുകളിലേക്കാണ് എത്തുന്നത്. ഇതുമൂലം പഞ്ചായത്തിലെ ആറ് വാർഡുകളിലുള്ളവർ ദുരിതത്തിലാണ്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും ദേശീയപാത അധികൃതർക്കും പരാതി നൽകിയിരുന്നു. ജില്ല കലക്ടർ വിശദ റിപ്പോർട്ട് ഹൈകോടതിക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.