മലപ്പുറം: ഒന്നരവർഷത്തിലധികമായി അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങൾ നവംബർ ഒന്നിന് വീണ്ടും തുറക്കവെ ഒരുക്കം തകൃതി. അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും ഏറക്കുറെ പൂർത്തിയായി. കോവിഡ് മഹാമാരി പടർന്നതോടെ പൂട്ടിയ സ്കൂളുകളിലേക്ക് കുട്ടികളെത്തുമ്പോൾ മുമ്പെങ്ങുമില്ലാത്തവിധം സുരക്ഷ മുൻകരുതലുകൾ കൂടി സ്വീകരിക്കുന്നുണ്ട് പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും. എല്ലാ മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
മാസ്ക്, സാനിറ്റൈസർ, സോപ്പ്, തെർമൽ സ്കാനർ തുടങ്ങിയവ വിദ്യാലയങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്. ശുചിമുറികൾ നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കണം. ഇതിന് പുറമെ സാധാരണ ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുമ്പായി നടത്താറുള്ള ഒരുക്കവും ഇപ്പോൾ പുരോഗമിക്കുകയാണ്. കുട്ടികൾക്ക് മാനസികോല്ലാസം നൽകുകയും പഠനത്തെ സഹായിക്കുകയും ചെയ്യുന്ന തരത്തിൽ ക്ലാസ് മുറികളിലെയും വരാന്തകളിലെയും ചുവരുകളിൽ ചിത്രങ്ങൾ വരക്കൽ ഉൾപ്പെടെ നടക്കുകയാണ്.
പ്ലസ് വൺ സീറ്റ്: സപ്ലിമെൻററി അലോട്ട്മെൻറിന് അപേക്ഷ സമർപ്പണം തുടരുന്നു
മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് സപ്ലിമെൻററി അലോട്ട്മെൻറ് അപേക്ഷ സമർപ്പണം പുരോഗമിക്കവെ ജില്ലയിൽ സീറ്റ് കിട്ടാത്ത വിദ്യാർഥികൾ പ്രതീക്ഷയിൽ. നിലവിൽ ആറായിരത്തിൽ താഴെ മെറിറ്റ് സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. എവിടെയും പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം 27000ത്തിന് മുകളിലാണ്. 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിച്ചാലും ഇവരിൽ നല്ലൊരു ശതമാനത്തിനും അവസരം കിട്ടില്ലെന്നുറപ്പാണ്. താൽക്കാലിക ബാച്ചുകൾ വരുന്നതോടെ കൂടുതൽ പേർക്ക് ഹയർ സെക്കൻഡറി പഠനത്തിന് സാഹചര്യമൊരുങ്ങും.
രണ്ട് ഘട്ട അലോട്ട്മെൻറുകൾ പൂർത്തിയായപ്പോൾ 27,121 വിദ്യാർഥികളാണ് പുറത്തുള്ളത്. 5,502 മെറിറ്റ്, 1487 മാനേജ്മെൻറ്, 574 കമ്യൂണിറ്റി േക്വാട്ട സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സപ്ലിമെൻററി അലോട്ട്മെൻറിനുശേഷം പ്രവേശന നടപടികൾ കഴിയുമ്പോഴും 20,000ത്തിലധികം കുട്ടികൾ പുറത്തുണ്ടാവും.
ഇനിയൊരു സീറ്റ് വർധന എയ്ഡഡ് സ്കൂളുകൾ ഏറ്റെടുക്കാൻ സാധ്യതയില്ല. സർക്കാർ സ്കൂളുകളിൽ 10 ശതമാനം കൂടി കൂട്ടിയായാൽ ഒാരോ ക്ലാസിലും 65 വിദ്യാർഥികൾ വീതമാവും. ഇത് പഠനത്തെ ബാധിക്കും. താൽക്കാലിക ബാച്ചുകൾ വരുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.