വളാഞ്ചേരി: അരി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് വില വർധിക്കുമ്പോഴും സാധാരണക്കാർക്ക് ആശ്വാസമാവേണ്ട മാവേലി സ്റ്റോറുകൾ പലതും കാലിയായി. സിവിൽ സപ്ലൈസ് കോർപറേഷന്റെ തിരൂർ ഡിപ്പോക്ക് കീഴിലെ പല മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റിലും സബ്സിഡിയിൽ ലഭിക്കുന്ന സാധനങ്ങൾ ലഭ്യമല്ല. പ്രതീക്ഷയോടെ എത്തുന്ന ജനങ്ങൾ വെറുംകൈയോടെ തിരിച്ചുപോവേണ്ട അവസ്ഥയിലാണ്. ഓണത്തിനുശേഷം പയറുവർഗങ്ങൾ, അരി, മല്ലി, മുളക് എന്നിവ കിട്ടാക്കനിയാണ്.
പൊതുമാർക്കറ്റിൽ അരിക്ക് കുത്തനെ വില വർധിക്കുകയും മുളകിന് തീപിടിച്ച വിലയും കൂടി ആയതോടെ സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുന്ന അവസ്ഥയാണ്. ഓണത്തിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി കിറ്റ് വിതരണം ചെയ്തെങ്കിലും ഓരോ മാസവും സപ്ലൈകോയുടെ ഔട്ട് ലെറ്റുകൾ വഴി ഉപഭോക്താക്കൾക്ക് ലഭിക്കേണ്ട സബ്സിഡി സാധനങ്ങൾ സമയത്തിന് എത്തിക്കാത്തത് മൂലം നഷ്ടമാവുന്നത് സാധാരണക്കാർക്കാണ്. മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ എത്തിച്ച് വിലക്കയറ്റം പിടിച്ചുനിർത്താനാവശ്യമായ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ഉപഭോക്താക്കൾ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.