വളാഞ്ചേരി: നഗരസഭയിലെ കഞ്ഞിപ്പുര തോണിക്കൽ കുന്നിൻചെരിവിലൂടെ ഒഴുകിയെത്തുന്ന ‘കല്ല്യാണ ഉറവ’ സഞ്ചാരികളുടെ മനം മയക്കുന്നു. കാലവർഷം ആരംഭിച്ചതോടുകൂടിയാണ് ഇവിടെ വെള്ളം ഒഴുകാൻ ആരംഭിച്ചത്.
താണിയപ്പൻകുന്ന് ഭാഗത്തെ വനമേഖലയിൽ നിന്നും ഉത്ഭവിക്കുന്ന നീരുറവകളും കൂടിച്ചേർന്ന് താഴ് വരയിലൂടെ ഒഴുകിയെത്തുന്ന ‘കല്ല്യാണ ഉറവ’ കാണാൻ ഒട്ടനവധി പേരാണ് എത്തുന്നത്. പ്രദേശം വിവിധയിനം പക്ഷികളുടെ വാസസ്ഥലം കൂടിയാണ്.
കാലവർഷം ആരംഭിച്ചാൽ ആറുമാസക്കാലം തുടർച്ചയായി ഉറവകളിൽനിന്ന് വെള്ളം ഒഴുകിവരാറുണ്ട്. വടക്കെകുളമ്പ്, തൊഴുവാനൂർ ഭാഗങ്ങളിലെ ഏക്കർ കണക്കിന് നെൽകൃഷിക്ക് ഉപകാരമാവുന്നതിന് അമ്പത് വർഷങ്ങൾക്ക് മുമ്പ് ഇവിടെ മണ്ണുകൊണ്ട് അണ നിർമിച്ചിരുന്നു. ക്രമേണ ഈ അണ നശിച്ചു. ഇവിടെനിന്നും ഒഴുകിയെത്തുന്ന വെള്ളം പാറാഭട്ടി മനക്ക് മുമ്പിലൂടെ, തൊഴുവാനൂർ തോട്ടിലൂടെ ഒഴുകുന്നു.
കാട്ടിപ്പരുത്തി വില്ലേജിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾക്ക് ഈ തോട്ടിലെ വെള്ളം ഉപയോഗപ്പെടുത്താറുണ്ട്.
ചെക്ക് ഡാം നിർമിച്ച് സംരക്ഷിച്ചാൽ കല്ല്യാണ ഉറവിലെ നീർച്ചോല കാലവർഷം കഴിഞ്ഞാലും കുറച്ചുമാസങ്ങൾ കൂടി പ്രയോജനപ്പെടുത്താൻ സാധിക്കും. ഇത് പ്രദേശത്തിന്റെ വികസനത്തിനും ടൂറിസത്തിനും സാധ്യതയും ഉണ്ടാവും. അമൃത് 2 പദ്ധതി പ്രകാരം അനുവദിച്ച 13.5 കോടി രൂപ ഉപയോഗിച്ച് കല്ല്യാണ ഉറവയിലെ വെള്ളം സംരക്ഷിച്ച് വളാഞ്ചേരി നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളായ കഞ്ഞിപ്പുര, തോണിക്കൽ, വട്ടപ്പാറ, തണിയപ്പൻ കുന്ന്, കോതോൾ, അമ്പലപ്പറമ്പ് എന്നിവിടങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് മൈക്രോ പ്രൊജക്ട് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വളാഞ്ചേരി നഗരസഭ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.