വണ്ടൂർ: മലയോര മേഖലയിലെ അങ്ങാടികളിലടക്കം തെരുവുനായ്ക്കൾ പെരുകുമ്പോൾ എ.ബി.സി പദ്ധതിയുമായി ബന്ധപ്പെട്ട ഷെൽട്ടർ സ്ഥാപിക്കുന്ന കാര്യത്തിൽ പരസ്പരം പഴിചാരി ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും. അതി പ്രാധാന്യമുള്ള വിഷയമായിട്ടും അധികൃതരുടെ വഴുവഴുപ്പൻ സമീപനത്തിനെതിരെ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്. പ്രവൃത്തി സമയത്തടക്കം വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. വരാന്തയിൽ തന്നെ കിടക്കുന്ന നായ്ക്കൾ കടിപിടികൂടുന്നതും ക്ലാസിലേക്ക് ഓടിക്കയറുന്നതടക്കമുള്ള സംഭവങ്ങളും പതിവായി. തെരുവുനായ് ശല്യം കാരണമുള്ള അപകടങ്ങളും കന്നുകാലികൾക്ക് നേരെയുള്ള ആക്രമണങ്ങളും ദിവസവും വർധിക്കുകയാണ്.
തെരുവുനായ് ശല്യം വ്യാപകമായതോടെ എം.എൽ.എമാരായ എ.പി. അനിൽകുമാർ, യു.എ. ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ എ.ബി.സി പദ്ധതി നടപ്പാക്കാൻ പ്രത്യേകയോഗം ചേർന്നിരുന്നു.
എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും നിയന്ത്രണത്തിനുള്ള ഒരു നടപടികളുമായിട്ടില്ല. ജനവാസ മേഖലയല്ലാത്ത പഞ്ചായത്തുകളുടെ അധീനതയിലുള്ള പുറമ്പോക്ക് ഭൂമി കണ്ടെത്തി അവിടെ ഷെൽട്ടർ നിർമിക്കാനും അതിനായി ഉടൻ ഭൂമി കണ്ടെത്താനുമാണ് അന്ന് എം.എൽ.എമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
എന്നാൽ, യോഗ തീരുമാനങ്ങൾ എന്തായെന്ന് ചോദിച്ചാൽ കൈമലർത്തുകയും പരസ്പരം പഴിചാരുകയുമാണ് അധികൃതർ. പഞ്ചായത്തുകൾ ഷെൽട്ടർ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തിയെന്ന റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. കുഞ്ഞിമുഹമ്മദ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.