വണ്ടൂർ: ഭാര്യയെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ ഭർത്താവിന് മർദനം. സംഭവത്തിൽ പൊലീസ് അനാസ്ഥ കാണിച്ചെന്നാരോപിച്ച് സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖിെൻറ നേതൃത്വത്തിലായിരുന്നു ഉപരോധം.
പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് സമരക്കാർ ഉന്നയിച്ചു. കാളികാവ് സ്വദേശിനിയുടെ വണ്ടൂരിെല കടയിലെത്തി വണ്ടൂർ സ്വദേശിയായ യുവാവ് ശല്യം ചെയ്യുക പതിവാണ്. ഇക്കാര്യം യുവതി ഭർത്താവിനോട് പരാതി പറയുകയും തുടർന്ന് ഭർത്താവ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ യുവാവ് സംഘമായെത്തി ഭർത്താവിനെ മർദിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അക്രമികളെ പിടികൂടുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ചാണ് ഏരിയ സെക്രട്ടറി ബി. മുഹമ്മദ് റസാഖ് പ്രതിഷേധിച്ചത്. തുടർന്ന് അക്രമികളെ ഉടൻ പിടികൂടുമെന്ന ഡിവൈ.എസ്.പിയുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.