വണ്ടൂര്‍: താടി വേഷങ്ങളിലൂടെ നടന വിസ്മയം തീര്‍ത്ത കലാകാരന് നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് വിട. മൃതദേഹം തറവാട്ട് വീടായ വണ്ടൂര്‍ നായാട്ടുകല്ലിലെ നെല്ലിയോട് മനയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ജില്ല കലക്ടര്‍ പി. േഗാപാലകൃഷ്ണന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ തിരുവനന്തപുരം പൂജപ്പുര ചാടിയറയിലേ നെല്ലിയോട് മനയിലായിരുന്നു അന്ത്യം. മൃതദേഹം തറവാട്ടുവീട്ടില്‍ പൊതുദര്‍ശനത്തിന് െവച്ച ശേഷം വൈകീട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകള്‍ക്ക് തുടക്കമായത്. സി.ഐ പി. വിഷ്ണുവിെൻറ നേതൃത്വത്തില്‍ ഓദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകള്‍. 1940 ഫെബ്രുവരി അഞ്ചിന് എറണാകുളം ചേരാനെല്ലൂർ നെല്ലിയോട് മനയില്‍ വിഷ്ണു നമ്പൂതിരിയുടെയും പാര്‍വതി അന്തര്ജനത്തിെൻറയും മകനായി ജനിച്ച നെല്ലിയോട് കഥകളിയിലെ താടി, കരി വേഷങ്ങളിൽ ഏറെ ശ്രദ്ധേയമായ പല കഥാപാത്രങ്ങൾക്കും അരങ്ങിൽ ജീവൻ നൽകി. കഥകളിയിലെ ക്രൂര കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിച്ച് പ്രശസ്തനായ ഇദ്ദേഹത്തിെൻറ കലി, ദുശ്ശാസനൻ, ബകൻ, വീരഭദ്രൻ വേഷങ്ങൾ ഏറെ ശ്രദ്ധേയമാണ്.
കുചേലൻ, ശൂർപ്പണഖ, ലങ്കാലക്ഷ്മി, കരിത്താടിയുള്ള കാട്ടാളൻ വേഷങ്ങളിലൂടെയും ആസ്വാദകമനസ്സ് കീഴടക്കി. സംസ്കൃതത്തിലും പുരാണങ്ങളിലും ഏറെ പാണ്ഡിത്യമുണ്ടായിരുന്നു. പാഠകത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു. നാട്യാചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ശിഷ്യനായിരുന്നു. ചൈന ഒഴികെയുള്ള വിദേശരാജ്യങ്ങളില്‍ 35 തവണ കഥകളി അവതരിപ്പിച്ചു. ഡോ. പി. വേണുഗോപാലന്‍ രചിച്ച 'ഡോണ്‍ കിഹോത്തേ' എന്ന ആട്ടക്കഥയിലും കലാമണ്ഡലം കേശവന് രചിച്ച 'സ്നോ വൈറ്റ് ആന്‍ഡ് സെവന് ഡ്രോപ്സ്' എന്ന ആട്ടക്കഥയിലും പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു. ഒട്ടേറെ അവാര്‍ഡുകളും തേടിയെത്തി.
1999ല്‍ കലാമണ്ഡലം അവാര്‍ഡ്, 2000ല്‍ സംഗീതനാടക അക്കാദമി അവാര്‍ഡ്, 2001ല്‍ കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ്, 2014ല്‍ സംസ്ഥാന സര്‍ക്കാറിെൻറ കഥകളി നടനുള്ള അവാര്‍ഡ്, 2017ല്‍ എന്‍.സി.ഇ.ആര്.ടി.യുടെ പദ്മപ്രഭ പുരസ്കാരം, തുഞ്ചന്‍ സ്മാരകം, ഗുരു ഗോപിനാഥ് കലാകേന്ദ്രം എന്നിവയുടെ പുരസ്കാരം, തുളസീവനം പുരസ്കാരം തുടങ്ങിയവയാണ് അംഗീകാരങ്ങള്‍. ചുവന്ന താടിക്ക് പുറപ്പാട് രചിച്ച് ചിട്ടപ്പെടുത്തിയ അദ്ദേഹം 'രാസക്രീഡ' ആട്ടക്കഥയും രചിച്ചു. കിഴക്കേകോട്ട അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്കൂളില്‍ 1995 വരെ 20 വർഷം കഥകളി വേഷ അധ്യാപകനായിരുന്നു. വീടിന് സമീപം 'വാഴേങ്കട കുഞ്ചുനായര്‍ സ്മാരക കഥകളി വിഹാര്‍' നടത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങളായി തിരുവനന്തപുരം പൂജപ്പുരയിലായിരുന്നു താമസം.
ഭാര്യ: ശ്രീദേവി അന്തർജനം, മക്കൾ: കഥകളി കലാകാരന്മാരായ മായ നെല്ലിയോട്, ഹരി നെല്ലിയോട് (വിഷ്ണു നമ്പൂതിരി). മരുമക്കൾ: ദിവാകരൻ നമ്പൂതിരി, ശ്രീദേവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.