വണ്ടൂർ: 75ാം വയസിൽ പ്ലസ് ടു തുല്യത പരീക്ഷയെഴുതി നല്ല മാർക്കോടെ വിജയിച്ച തിരുവാലി പുന്നപ്പാല മഠത്തിൽ സാവിത്രിയമ്മയെ ആദരിച്ച് ബ്ലോക്ക് ഭരണസമിതി. ജില്ലയിൽത്തന്നെ ഏറ്റവും പ്രായം കൂടിയ പഠിതാവ് കൂടിയാണ് സാവിത്രിയമ്മ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അസ്കറിന്റെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് ഇവരെ ആദരിച്ചത്.
വണ്ടൂർ ബ്ലോക്ക് സാക്ഷരതാ മിഷന് കീഴിൽ പത്താം തരം തുല്യത പരീക്ഷയെഴുതി നല്ല മാർക്കോടെ വിജയിച്ച സാവിത്രിയമ്മ പ്ലസ് വൺ ക്ലാസിലും മികവുറ്റ ജയം ആവർത്തിക്കുകയായിരുന്നു. വീട്ടിലെത്തിയ വി.കെ. ഹസ്കർ പൊന്നാടയണിയിച്ച് ആദരിച്ചു. ഇനിയും പഠനം തുടരാനാണ് സാവിത്രിയമ്മയുടെ തീരുമാനം. ആരോഗ്യ സ്ഥിതി മോശമാവില്ലെങ്കിൽ ബിരുദമെന്ന ആഗ്രഹവും മുന്നിലുണ്ട്. തിരുവാലി പുന്നപ്പാല അന്തരിച്ച റിട്ട. മേജർ പടവെട്ടി രാമൻ നായരുടെ ഭാര്യയാണ് സാവിത്രിയമ്മ. വ്യോമസേനയിൽനിന്ന് വിരമിച്ച മകൾ പ്രേമ നായരും ബിസിനസ് എക്സിക്യൂട്ടീവായ മകൻ പ്രമോദ് നായരും പേരക്കുട്ടികളും അമ്മയുടെ പഠനമോഹത്തിന് കൂട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ വി. ശിവശങ്കരൻ, ബ്ലോക്ക് അംഗം കെ.സി. കുഞ്ഞുമുഹമ്മദ്, ബി.ഡി.ഒ വൈ.പി. അഷ്റഫ്, സാക്ഷരത ബ്ലോക്ക് കോഓഡിനേറ്റർ ഇ. സന്തോഷ്കുമാർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.