വാഴക്കാട്: ബ്രിട്ടീഷ് ഭരണത്തിനെതിരെ 1921ൽ നടന്ന ഐതിഹാസിക സമരവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ സ്ഥാനംപിടിച്ച സ്ഥലമാണ് വാഴക്കാട് ഗ്രാമപഞ്ചായത്തിലെ കൊന്നാര് പ്രദേശം. പുഴക്ക് അഭിമുഖമായി കിടക്കുന്ന ചരിത്രപ്രസിദ്ധമായ കൊന്നാര് മുഹ്യിദ്ദീൻ മുനാരം പള്ളി ഇന്നും ചരിത്രസാക്ഷിയായി നിലകൊള്ളുന്നു. ബ്രിട്ടീഷുകാർക്കെതിരായ ചെറുത്തുനിൽപ് കേന്ദ്രം കൂടിയായിരുന്നു 1743ൽ സ്ഥാപിതമായ പള്ളി.
ചെറുത്തുനിൽപിന് നേതൃത്വം വഹിച്ച കൊന്നാര് തങ്ങൾ കുടുംബത്തെയും ഇന്നും നാട് സ്മരിക്കുന്നു. 1521ൽ സോവിയറ്റ് യൂനിയനിലെ ബുഖാറയിൽനിന്ന് ഇസ്ലാമിക മത പ്രബോധനത്തിന് കേരളത്തിലെത്തിയ അഹ്മദ് ജലാലുദ്ദീൻ ബുഖാരിയുടെ പിന്മുറക്കാരാണ് കൊന്നാര് തങ്ങന്മാർ. ഹിജ്റ 1155ൽ മരിച്ച മുഹമ്മദുൽ ബുഖാരിയും മക്കളായ അബ്ദുറഹ്മാൻ ബുഖാരി, ഇസ്മാഇൗൽ ബുഖാരി, അഹ്മദുൽ ബുഖാരി എന്നിവരും സന്താന പരമ്പരയുമാണ് കൊന്നാര് മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്നത്. ഇവരിൽ ഇളയ മകനായ അഹ്മദുൽ ബുഖാരിയുടെ മൂത്തപുത്രൻ മുഹമ്മദ് കോയ ബുഖാരിയാണ് ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ചത്.കൊന്നാര് പ്രദേശം കേന്ദ്രമാക്കി മുഹമ്മദ് കോയ ബുഖാരി ഖിലാഫത്ത് ഭരണത്തിന് നേതൃത്വം നൽകി.
രണ്ടായിരത്തോളം വരുന്ന മാപ്പിള സൈനികർ അദ്ദേഹത്തിെൻറ കീഴിൽ സുസജ്ജമായിരുന്നു. ജാതി-മത ഭേദമന്യേ ജനക്ഷേമം മുൻനിർത്തിയുള്ള ഭരണം പ്രദേശവാസികളിൽ മതിപ്പുളവാക്കിയെങ്കിലും ബ്രിട്ടീഷ് അധികൃതരിൽ ഇദ്ദേഹത്തിനെതിരെ രോഷം വർധിപ്പിക്കാനേ ഉപകരിച്ചുള്ളൂ. കൊന്നാര് ഖിലാഫത്ത് രാജിെൻറ അതിർത്തിയായ പൂളക്കോട് കുറുമ്മര മലയിൽ ബ്രിട്ടീഷ് സൈന്യം തമ്പടിച്ചു. വിവരമറിഞ്ഞ കൊന്നാര് തങ്ങൾ രണ്ടായിരത്തോളം വരുന്ന സൈന്യവുമായി പൂളക്കോട് മലയെ ലക്ഷ്യമാക്കി നീങ്ങി. 1921 ഒക്ടോബർ 10ന് അർധരാത്രി അവർ ബ്രിട്ടീഷ് സൈനിക ക്യാമ്പ് ആക്രമിച്ചു. ഇരുഭാഗത്തും ആൾ നാശമുണ്ടായെങ്കിലും അപ്രതീക്ഷിത ആക്രമണം ബ്രിട്ടീഷ് മേധാവികളെ കൂടുതൽ രോഷാകുലരാക്കി.
സജ്ജരായ ബ്രിട്ടീഷ് പട്ടാളം പിറ്റേന്നുതന്നെ കൊന്നാര് പള്ളി ലക്ഷ്യമാക്കി നീങ്ങി. തുരുതുരാ നിറയൊഴിച്ചു. പള്ളിപ്പറമ്പിൽ നിർമിച്ച കിടങ്ങുകളിൽ നിലയുറപ്പിച്ച കൊന്നാര് സൈന്യം തിരിച്ചും ആക്രമണം നടത്തി. ഏറ്റുമുട്ടലിൽ പള്ളി നിശ്ശേഷം തകർന്നു. വെടിവെപ്പിൽ ടീം ക്യാപ്റ്റൻ മുഹമ്മദ് മുസ്ലിയാരും അബ്ദുറഹ്മാൻ എന്നയാളും തൽക്ഷണം കൊല്ലപ്പെട്ടു. ബ്രിട്ടീഷ് സൈന്യം പുഴ കടന്ന് ഇക്കരെയെത്തി. കൊന്നാര് സൈന്യം ചിതറി പല ഭാഗത്തായി ഒളിച്ചു. പട്ടാളം വീടുവീടാന്തരം കയറിയിറങ്ങി നിരവധി പേരെ ബന്ദികളാക്കി. പള്ളികളിൽ കയറി വിശുദ്ധ ഗ്രന്ഥത്തിെൻറ പ്രതികൾ നശിപ്പിച്ചു. മുഹമ്മദ് കോയ ബുഖാരിയെ പിടികൂടി. പട്ടാളക്കോടതി വിചാരണ പൂർത്തിയാക്കി 1922 െസപ്റ്റംബർ ആറിന് തൂക്കിലേറ്റി. അനുജൻ ഇമ്പിച്ചിക്കോയ ബുഖാരിയെ പിടികൂടി അന്തമാൻ ദ്വീപിലേക്ക് നാടുകടത്തി. മറ്റൊരു സേഹാദരൻ വലിയുണ്ണി ബുഖാരിയെ ബയണറ്റുകൊണ്ട് കുത്തിക്കൊന്ന് മൃതദേഹം പന്നിക്കോട് കക്കാടം മലയിൽ കത്തിച്ച് ചാമ്പലാക്കി. പള്ളിയുടെ വാതിൽപാളിയിൽ തുളച്ചുകയറിയ വെടിയുണ്ട പുതുക്കിപ്പണിത മുൻവാതിലിൽ ഇപ്പോഴുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.