വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്ത് എളമരം ഏഴാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ ലീഗ് വിമത രംഗത്ത്. കോൺഗ്രസിലെ സജ്ന ഷംസുവിനെതിരെ മുസ്ലിം ലീഗിലെ അഡ്വ. ജന്ന ഷിഹാബാണ് മത്സരിക്കുന്നത്. ഏഴാം വാർഡിൽ ലീഗ്-കോൺഗ്രസ് ബന്ധം വഷളായിട്ട് ഏറെ നാളായി. വിമത സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ മുൻകൈയെടുത്ത ലീഗ് വാർഡ് കമ്മിറ്റി ഭാരവാഹികളെ ദിവസങ്ങൾക്ക് മുമ്പ് ജില്ല നേതൃത്വം പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
എന്നാൽ, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി, സംസ്ഥാന സമിതിയംഗം പി.എ. ജബ്ബാർ ഹാജി എന്നിവർ നടത്തിയ അനുരഞ്ജന ശ്രമങ്ങൾ വാർഡ് കമ്മിറ്റിയും അവരെ പിന്തുണക്കുന്ന പാർട്ടി പ്രവർത്തകരും തള്ളുകയായിരുന്നു. വിമത സ്ഥാനാർഥിയെ അനുകൂലിക്കുന്നവർ വിളിച്ച യോഗത്തിൽ ഭൂരിപക്ഷം ലീഗ് പ്രവർത്തകരും പങ്കെടുത്തതായി അറിയുന്നു. സി.പി.എം സ്വതന്ത്ര സ്ഥാനാർഥിയും ബി.ജെ.പി സ്ഥാനാർഥിയും എളമരം വാർഡിൽ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സമാനസംഭവം നടന്നത് ഗ്രാമപഞ്ചായത്ത് നാലാം വാർഡായ ചെറുവട്ടൂരിലായിരുന്നു. അവിടെ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിച്ച ലീഗ് വിമത സ്ഥാനാർഥിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
കോട്ടക്കൽ: യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മുസ്ലിം ലീഗ് വിമതന് പിന്തുണയുമായി എൽ.ഡി.എഫ്. നേരത്തെ നിർത്തിയിരുന്ന സ്ഥാനാർഥിയെ പിൻവലിച്ചാണ് എൽ.ഡി.എഫിെൻറ പിന്തുണ.
എടരിക്കോട് പഞ്ചായത്തിലെ ആറാം വാർഡായ അരീക്കൽ സിറ്റിയിലാണ് യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയ മത്സരം. മുതിർന്ന നേതാവായ ലീഗിലെ മണമ്മൽ ജലീലിനെതിരെയാണ് ലീഗ് പ്രവർത്തകനായ പന്തക്കൻ ചേക്കുട്ടി വിമതനായി രംഗത്തെത്തിയത്. ഇരുവരും നിലവിൽ പഞ്ചായത്തംഗങ്ങളാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.പി. സുനിലാണ് പത്രിക സമർപ്പിച്ചിരുന്നത്. വിമതനായി ചേക്കുട്ടി എത്തിയതോടെ സുനിലിെൻറ പത്രിക പാർട്ടി നേതൃത്വം പിൻവലിപ്പിക്കുകയായിരുന്നു സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കുന്ന ചേക്കുട്ടിക്ക് പൂർണ പിന്തുണ നൽകാനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ കളരിക്കൽ അജിത്തും എസ്.ഡി.പി.ഐയുടെ മങ്ങാടൻ ഹിദായത്തുല്ലയും മത്സര രംഗത്തുണ്ട്. ചേക്കുട്ടിക്കെതിരെ അച്ചടക്കനടപടി ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.