വേങ്ങര: വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരുടെ കാലപ്പഴക്കം ചെന്ന ക്വാർട്ടേഴ്സ് ഇടിച്ചുനിരത്തി. ജീർണാവസ്ഥയിലായിരുന്ന ഈ കെട്ടിടം പൊളിച്ചുമാറ്റി പകരം വയോജനങ്ങൾക്ക് പാർക്കും വാഹന പാർക്കിങ്ങിനും സൗകര്യപ്പെടുത്താനാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നീക്കമെന്നറിയുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പേ കിടത്തി ചികിത്സയും സ്ത്രീ രോഗ വിഭാഗവുമൊക്കെ കാര്യക്ഷമമായി നടന്നിരുന്ന ഈ ആശുപത്രിക്ക് മൂന്നുനിലകളിലായി വമ്പൻ കെട്ടിടം നിർമിച്ചെവെങ്കിലും പഴയ പ്രതാപത്തിലേക്ക് തിരിച്ചുപോവാൻ കഴിഞ്ഞിട്ടില്ല. ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും ആളുകൾക്ക് ആശ്രയമായിരുന്ന ഈ ആതുരാലയത്തിൽ സൗകര്യങ്ങൾ ഇപ്പോഴും തുലോം കുറവാണ്.
ഡയാലിസിസ് സെന്റർ വരുമെന്ന പ്രതീക്ഷയിലാണ് കെട്ടിടം നിർമിച്ചത്. എന്നാൽ കെട്ടിടത്തിൽ ഡയാലിസിസ് സെന്റർ തുടങ്ങുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നും സാങ്കേതിക തടസ്സങ്ങളുണ്ടെന്ന് ബ്ലോക്ക് അംഗം സി.എം. അസീസ് ഉൾപ്പെടെയുള്ളവർ പറയുന്നു. കിടത്തി ചികിത്സ കാര്യക്ഷമമല്ലാത്തതിനാൽ ഡോക്ടർമാർ ആശുപത്രിക്കടുത്ത് താമസിക്കേണ്ട ആവശ്യവും വരുന്നില്ല. അതുകൊണ്ട് കൂടിയാണ് ക്വാർട്ടേഴ്സുകൾ നിന്നിടത്ത് വയോജന പാർക്ക് നിർമിക്കാൻ തീരുമാനിച്ചതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻസീറ ടീച്ചർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പാർക്കിനോടനുബന്ധിച്ച് ഓപൺ ജിംനേഷ്യവും നിർമിക്കാൻ പദ്ധതിയുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.