വേങ്ങര: ദിവസങ്ങൾക്കിടെ പ്രധാന ജീവനക്കാർ സ്ഥലം മാറിയും വിരമിച്ചും പോയതോടെ പറപ്പൂർ പഞ്ചായത്ത് നാഥനില്ലാ കളരിയായി. അത്യാവശ്യ കാര്യങ്ങൾക്ക് ഓഫിസിലെത്തുന്ന നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സെക്രട്ടറികൂടി ഇല്ലാത്ത അവസ്ഥ വന്നതോടെ പഞ്ചായത്ത് ഓഫിസ് അക്ഷരാർഥത്തിൽ സ്തംഭനാവസ്ഥയിലായി.
സെക്രട്ടറി, അക്കൗണ്ടന്റ്, അസി. എൻജിനീയർ, ഓവർസിയർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർ, തേർഡ് ഗ്രേഡ് ഓവർസിയർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ ഗ്രേഡ്-2, അസി. കൃഷി ഓഫിസർ, കൃഷി അസിസ്റ്റന്റ്, കൃഷി അസിസ്റ്റൻറ് ഗ്രേഡ്-2 എന്നീ തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നത്.
പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സജീഷ് ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് സ്ഥലം മാറ്റം വാങ്ങി പോയത്. അക്കൗണ്ടന്റും ആ സമയത്ത് തന്നെ സ്ഥലം മാറിപ്പോയി. ഇതോടെ അനാഥാവസ്ഥയിലായ പഞ്ചായത്ത് ഓഫിസിലെ പ്രശ്നം ചൂണ്ടിക്കാട്ടി, പല തവണ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയായില്ലെന്ന് പ്രസിഡന്റ് കെ. അംജദ ജാസ്മിൻ പറയുന്നു.
എൻജിനീയറിങ് വിഭാഗത്തിൽ എ.ഇയും ഓവർസിയർമാരും പോയതോടെ ഓഫിസ് അടഞ്ഞ് കിടക്കുകയാണ്. കെട്ടിട നിർമാണ പെർമിറ്റിനും നമ്പറിങ്ങിനും ഓഫിസിലെത്തുന്നവർ മടങ്ങിപ്പോവുകയാണ്.
ജീവനക്കാരുടെ അഭാവം സർക്കാർ പദ്ധതികളെ മുഴുവൻ താളം തെറ്റിക്കുന്ന അവസ്ഥയാണ്. ഒക്ടോബർ 21ന് വാർഡ് വിഭജനം പൂർത്തീകരിക്കേണ്ടതുണ്ട്. നവംബർ ഒന്നിന് ഡിജി കേരള പ്രഖ്യാപനം, അതിദരിദ്രരുടെ പദ്ധതി പൂർത്തീകരണം എന്നിവ എങ്ങനെ നടപ്പിലാക്കുമെന്നറിയാതെ ഭരണസമിതിയും അവശേഷിക്കുന്ന ജീവനക്കാരും പ്രതിസന്ധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.