വേങ്ങര: വാടക നൽകാതെ കുടിയിറക്കൽ ഭീഷണിയിലായ വേങ്ങര വിദ്യാഭ്യാസ ഉപജില്ല കാര്യാലയത്തിന് ശാപമോക്ഷം. വേങ്ങര ഗ്രാമ പഞ്ചായത്ത് ഓഫിസ് നേരത്തെ പ്രവർത്തിച്ചിരുന്ന ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ വിശാലമായ ഹാളുകൾ വിദ്യാഭ്യാസ ഓഫിസിന് തുറന്നുനൽകാൻ വേങ്ങര ഭരണസമിതി തീരുമാനമായി.
സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയെന്ന് ഖ്യാതിയുള്ള വേങ്ങര ഉപജില്ല, മാർക്കറ്റ് റോഡിലെ ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഈ കെട്ടിടത്തിന് അഞ്ചു വർഷത്തിലധികമായി സർക്കാർ വാടക നൽകാത്ത കാരണത്താൽ കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ജൂൺ ഒന്നുമുതൽ കെട്ടിടം ഒഴിയണമെന്ന് ഉടമ അന്ത്യശാസനം നൽകുകയും ചെയ്തു. പ്രതിമാസം 4859 രൂപ നിരക്കിൽ 2019 ജനുവരി മുതൽ നിലവിൽ മൂന്നു ലക്ഷത്തിലധികം രൂപ കുടിശ്ശികയുണ്ട്. പണ്ട് നിശ്ചയിച്ച ചുരുങ്ങിയ വാടകയിൽ ഇത്രയും കുടിശ്ശികയുമായി ഇനിയും മുന്നോട്ടു പോകാൻ കഴിയില്ലെന്നതാണ് കെട്ടിട ഉടമയുടെ നിലപാട്. ഒരു മുറിക്ക് തന്നെ 5000 രൂപയിലധികം വാടകയുള്ള, വേങ്ങര ടൗണിന്റെ ഹൃദയ ഭാഗത്ത് പ്രവൃത്തിക്കുന്ന ഈ കെട്ടിടത്തിൽ ഇപ്പോൾ വനിതകളുൾപ്പെടെ പതിനഞ്ചോളം ജീവനക്കാരുണ്ട്. പ്രൈമറി, അപ്പർ പ്രൈമറി വിഭാഗങ്ങളിലായി നൂറിനടുത്ത് വിദ്യാലയങ്ങളുടെ മേൽനോട്ട ചുമതലയുള്ള ഓഫിസാണിത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഉപയോഗിക്കാത്ത പഴയ ഗ്രാമ പഞ്ചായത്ത് കെട്ടിടം ഉപജില്ല വിദ്യാഭ്യാസ ഓഫിസിന് വിട്ടുനൽകാൻ ഭരണ സമിതി തീരുമാനിച്ചത്. എന്നാൽ ഈ കെട്ടിടത്തിന് വാടക നൽകാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചതിനെ തുടർന്ന് മൂന്നുവർഷത്തേക്ക് വാടകയില്ലാതെ കെട്ടിടം വിട്ടുനൽകാനാണ് തീരുമാനം.
എന്നാൽ ഈ തീരുമാനം സർക്കാർ അംഗീകരിക്കേണ്ടതുണ്ടെന്നും ഇതിനായി സർക്കാറിലേക്ക് കത്ത് നൽകി കാത്തിരിക്കുകയാണെന്നും വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.