വേങ്ങര: ഗ്രാമപഞ്ചായത്തിൽ മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിന് ഒരു കോടി രൂപയുടെ പദ്ധതി. മാർക്കറ്റ് റോഡിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചു. കാലപ്പഴക്കം കാരണം ശോച്യാവസ്ഥയിലായ പഴയ കെട്ടിടമാണ് പൊളിക്കുന്നത്.
മാത്രമല്ല മത്സ്യ മാംസാദികൾ വിൽപന നടത്തുന്ന ഇവിടെ കുമിഞ്ഞു കൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാൻ മാർഗങ്ങൾ ഇല്ലാത്തത്തിനാൽ പഴയ കെട്ടിടം എന്നും പഞ്ചായത്തിനു തലവേദനയായിരുന്നു. പുതിയ കെട്ടിടം പ്ലാൻ ചെയ്യുമ്പോൾ മാലിന്യ നിർമാർജ്ജനത്തിന് ശാസ്ത്രീയ മാർഗങ്ങൾ ഒരുക്കണമെന്ന് ജനം ആവശ്യപ്പെടുന്നുണ്ട്. മൂന്ന് പതിറ്റാണ്ടോളം കാലം വേങ്ങരയുടെ വ്യാപാര മേഖലയിൽ പല നിലക്കും വിവാദങ്ങൾക്ക് കാരണമായ മാർക്കറ്റ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം വരുന്നതോടെ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.
മത്സ്യം, മാംസം, പച്ചക്കറി തുടങ്ങിയവയുടെ വിൽപ്പനക്ക് പത്തിലധികം കടകൾ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. പുതിയ കെട്ടിടം പണി പൂർത്തിയാവുന്നതോടെ വാഹന പാർക്കിങ് സൗകര്യം ഉൾപ്പെടെ 53 കടമുറികളാണ് വിഭാവന ചെയ്യുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ മാധ്യമത്തോട് പറഞ്ഞു.
പുനർനിർമാണത്തിന് ആദ്യഘട്ടത്തിൽ ഗ്രാമ പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്ന് ഒരു കോടി രൂപ വകയിരുത്തിയാണ് ഒരു നിലകെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനിരിക്കുന്നത്. പിന്നീട് ലഭ്യമാവാനിടയുള്ള വിവിധ ഫണ്ട് ഉപയോഗിച്ച് ആധുനിക-സൗകര്യങ്ങളോട് കൂടിയ വാണിജ്യകേന്ദ്രമായി ഇതിനെ ഉയർത്താനുള്ള ഒരുക്കത്തിലാണ് അധികൃതരെന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.