മലപ്പുറം: മാലിന്യ നിർമാർജനമാണ് കേരളം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് മന്ത്രി എം.ബി. രാജേഷ്. മലപ്പുറം ടൗൺഹാളിൽ നടന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ 'നവ കേരളം തദ്ദേശകം 2.0' ജില്ലതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാലിന്യ നിർമാർജന വിഷയത്തിൽ ജില്ലയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു മന്ത്രി. വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം ശേഖരിക്കുന്ന വാതിൽപ്പടി ശേഖരണത്തിന്റെ പേരിലായിരുന്നു വിമർശനം. ജില്ലയിൽ 68 ഗ്രാമപഞ്ചായത്തുകളിലും 11 നഗരസഭകളിലും വീടുകളിലും സ്ഥാപനങ്ങളിലും 50 ശതമാനത്തിന് മുകളിൽ വാതിൽപ്പടി ശേഖരണം നടക്കുന്നുണ്ടെന്നാണ് അവലോകന റിപ്പോർട്ടിലുള്ളത്.
ഈ പഞ്ചായത്ത്, നഗരസഭകളിൽ 50 മുതൽ 100 ശതമാനം വരെ നടന്നേക്കാം. അതേസമയം, ബാക്കി 27 തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടക്കുന്നില്ല. ഹരിത കർമ സേനാംഗങ്ങൾ ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് ജില്ലയിലുള്ളത്.
ജില്ലയിലെ കീഴാറ്റൂർ പഞ്ചായത്ത് സംസ്ഥാനതലത്തിൽ തന്നെ മികച്ച മാതൃക കാണിക്കുമ്പോഴാണ് മറ്റിടങ്ങളിൽ ഇത്തരത്തിൽ നടക്കുന്നത്. മികച്ച രീതിയിൽ നടത്തുന്നതിനാൽ കീഴാറ്റൂരിൽ ഒരു ഹരിതകർമ സേനാംഗത്തിന് 30,000 രൂപ വരെ നേടാൻ സാധിക്കുന്നുണ്ട്. മറ്റുള്ള ഇടങ്ങളിലും പ്രശ്നങ്ങളുണ്ട്. എന്നാൽ, അതിന് പരിഹാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർക്കാർ ലക്ഷ്യമിട്ട ഒരു ലക്ഷം സംരംഭകരെന്ന വിഷയത്തിൽ മലപ്പുറമാണ് ഒന്നാമത്. ഏഴ് മാസം കൊണ്ട് ആരംഭിച്ച 78,113 സംരംഭങ്ങളിൽ 8,143ഉം മലപ്പുറത്താണ്. സംരംഭകത്വം വളർത്താനാണ് സർക്കാർ പിന്തുണ നൽകുന്നത്. ഇതിലൂടെ പ്രാദേശിക സർക്കാറുകളുടെ വരുമാനം വർധിപ്പിക്കാൻ സാധിക്കും. പ്രാദേശിക സാമ്പത്തിക വളർച്ചയിലൂടെ തൊഴിലും വരുമാനവും വർധിപ്പിക്കുക എന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. സ്വരാജ് ട്രോഫിയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച പഞ്ചായത്ത് സെക്രട്ടറിമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തുടർന്ന് വിവിധ വിഷയങ്ങളിലായി പൊതുചർച്ച നടന്നു.
പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് അബ്ദുൽ കലാം (പെരുവള്ളൂർ), പി. ഉസ്മാൻ (മൂത്തേടം), സി.ഒ. ശ്രീനിവാസൻ (പുറത്തൂർ), ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ച് അബ്ദുറഹ്മാൻ കാരാട്ട് (മലപ്പുറം), നഗരസഭകളെ പ്രതിനിധീകരിച്ച് മുജീബ് കാടേരി (മലപ്പുറം), പി.പി. ഷംസുദ്ദീൻ (താനൂർ), ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേശൻ, കലക്ടർ വി.ആർ. പ്രേംകുമാർ, ചീഫ് ടൗൺ പ്ലാനർ എച്ച്. പ്രശാന്ത്, ജോ. ഡെവലപ്പ്മെന്റ് കമീഷണർ ഷാജി ക്ലെമന്റ്, റീജനൽ ജോ. ഡയറക്ടർ ഡി. സാജു, ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയർ ആർ. സജീഷ് തുടങ്ങിയവർ മറുപടി നൽകി. ജോ. ഡയറക്ടർ ജി. സുധാകരൻ സ്വാഗതവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് ചെറുകരകുന്നേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.