അഗളി: അട്ടപ്പാടി വികസനത്തിന് ഏറെ പ്രതീക്ഷ നൽകിയെത്തിയ ചിറ്റൂർ ഡാം ജലസേചന പദ്ധതിക്കായി കോടികൾ ചെലവഴിച്ച് വാങ്ങിയ വാഹനങ്ങളും ഉപകരണങ്ങളും തുരുമ്പെടുത്തതോടെ ആക്രി വിലക്ക് വിറ്റു. വാഹനങ്ങളും ഉപകരണങ്ങളും ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ നീക്കാൻ ശ്രമിച്ചത് പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയാക്കി.
പദ്ധതി നടപ്പാക്കുമെന്ന് ജലസേചന വകുപ്പ് പറയുന്നുെണ്ടങ്കിലും പ്രവൃത്തി ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ഈ വർഷത്തെ ബജറ്റിലും പദ്ധതി അവഗണിക്കപ്പെട്ടു. പദ്ധതിപ്രദേശത്തെ കർഷകരുടെ കൃഷിഭൂമി പദ്ധതിക്കായി സർക്കാർ ഏറ്റെടുത്തിരുന്നു. തുച്ഛമായ തുകയാണ് നഷ്ടപരിഹാരമായി നൽകിയത്.
ഇതോടെ വിയർപ്പൊഴുക്കി മണ്ണിൽ പൊന്നുവിളയിച്ച പ്രദേശത്തെ കുടിയേറ്റ കർഷകർ ഭൂരിഭാഗവും പ്രതീക്ഷ അസ്തമിച്ച് അട്ടപ്പാടി വിട്ടു. 1974ൽ തുടക്കമിട്ട പദ്ധതിക്കായി 500 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. പിന്നീട് കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ നദീജല തർക്കം സുപ്രീംകോടതിയിൽ വന്നതോടെ പദ്ധതി അടിത്തറയിൽ ഒതുങ്ങി.
പദ്ധതിയുടെ ഭാഗമായി ജീവനക്കാർക്ക് ശമ്പള ഇനത്തിൽ അരനൂറ്റാണ്ടായി സർക്കാർ മാസംതോറും വൻതുക നൽകുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നില്ലെങ്കിൽ ഏറ്റെടുത്ത ഭൂമി തിരികെ നൽകണമെന്ന് പ്രദേശത്തെ ആദിവാസികളടക്കമുള്ള കർഷകർ ആവശ്യപ്പെടുന്നു. കുടിയിറക്കപ്പെട്ട കർഷകരിൽ ഭൂരിഭാഗവും ആദിവാസികളാണ്. പദ്ധതിയുടെ ഭാഗമായി വെങ്കക്കടവ്, കട്ടേക്കാട് ഊരുകളിലുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.