അഗളി: അട്ടപ്പാടി റോഡിന്റെ ആദ്യഭാഗത്തിന്റെ നിർമാണ പ്രവൃത്തികൾ നവംബർ അവസാനത്തോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ നിലവിലെ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിക്കായി പ്രഖ്യാപിച്ച കിഫ്ബി പദ്ധതി വർഷങ്ങളായി നിരവധി പ്രശ്നങ്ങൾ നേരിടുകയാണ്. അവയെല്ലാം പരിഹരിച്ച് 2024 അവസാനത്തോടെ ശാശ്വത പരിഹാരം കാണും. പൂർത്തീകരിക്കാൻ കഴിയാത്ത വിവിധ ജോലികളുടെ വിശദ റിപ്പോർട്ട് ചീഫ് എൻജിനീയർ നൽകണം. ഉദ്യോഗസ്ഥരുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ നവംബർ പകുതിയോടെ പൊതുമരാമത്ത് സെക്രട്ടറി അട്ടപ്പാടിയിലെത്തും.
അറ്റകുറ്റപ്പണിക്ക് ഉൾപ്പെടെ സമയക്രമം തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ എട്ട് കിലോമീറ്റർ വരെയുള്ള പദ്ധതി വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസിന്റെ കാര്യങ്ങൾ വേഗത്തിൽ തീർപ്പാക്കാനും തീരുമാനമായി. രണ്ടാംഘട്ടം എട്ട് മുതൽ 19 കിലോമീറ്റർ വരെയാണ് ഇതിനും സമയക്രമം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് തയാറാക്കൽ നവംബർ 15നകം പൂർത്തിയാക്കും. മൂന്നാമത്തേത് 19 മുതൽ 52.6 കിലോമീറ്റർ ആണ്. ഇതിന് ഡിസംബറിൽ തന്നെ കിഫ്ബി ബോർഡ് യോഗത്തിൽ അനുമതി നൽകാനാണ് തീരുമാനം.
രണ്ടാമത്തെയും മൂന്നാമത്തെയും ഷെഡ്യൂളുകളുടെ അറ്റകുറ്റപ്പണി പ്രധാനപ്പെട്ടതാണ്. നവംബർ രണ്ടിന് ഇതിന് ഭരണാനുമതി നൽകാൻ തീരുമാനിച്ചു. ഡിസംബർ 31ന് മുമ്പ് അറ്റകുറ്റപ്പണികൾ തീർക്കും. ഇതിന് ചീഫ് എൻജിനീയർ ഡിസംബർ 31 വരെ അട്ടപ്പാടിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മന്ത്രി നിർദേശം നൽകി. പ്രവൃത്തികളുടെ പുരോഗതി മന്ത്രിയുടെ ഓഫിസും ചീഫ് എൻജിനീയറുടെ ഓഫിസും സമയബന്ധിതമായി പരിശോധിക്കും. ഇതിനായി ഒരുസംഘത്തെ നിയമിക്കും. സ്ഥലം എം.എൽ.എയെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ഒരു സംഘമായി പ്രവർത്തിക്കും. അട്ടപ്പാടിയുടെ ദീർഘകാലമായ പ്രശ്നം വൈകാതെ പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
റോഡിലെ കുഴികൾ അടക്കുന്നത് മന്ത്രിമാർക്ക് സഞ്ചരിക്കാനാകരുത് -മന്ത്രി റിയാസ്
അഗളി: റോഡിലെ കുഴികൾ അടക്കുന്നത് മന്ത്രിക്ക് സഞ്ചരിക്കാൻ വേണ്ടിയാകരുതെന്നും പൊതുജനങ്ങൾക്ക് വേണ്ടിയാകണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തന്റെ സന്ദർശനത്തിന്റെ തലേ ദിവസം വകുപ്പ് ഉദ്യോഗസ്ഥർ റോഡ് ഗതാഗതയോഗ്യമാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമം നടത്തിയത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥർക്ക് നേരെ മന്ത്രിയുടെ വിമർശനമുയർന്നത്. റോഡ് പണി പുരോഗതി വിലയിരുത്താൻ പി.ഡബ്ല്യൂ.ഡി സെക്രട്ടറി നവംബറിൽ അട്ടപ്പാടി സന്ദർശിക്കുമെന്നും പ്രവൃത്തിയിൽ മന്ത്രിയുടെ ഓഫിസ് തന്നെ സമയബന്ധിതമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. പുരോഗതി ഉറപ്പുവരുത്താൻ വീണ്ടും അട്ടപ്പാടി സന്ദർശിക്കുമെന്നും മന്ത്രി സൂചന നൽകി. റോഡുകൾ ശാസ്ത്രീയമായി നിർമിക്കാനാണ് വകുപ്പ് പ്രാധാന്യം നൽകുന്നത്. കേരളത്തിലെ കാലാവസ്ഥ മാറ്റം ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി രൂപകൽപന ചെയ്ത് നിർമിച്ച റോഡുകളല്ലെങ്കിൽ തകർച്ച നേരിടേണ്ടി വരും. വിഷയത്തിൽ വിദഗ്ധരെ ഉൾപ്പെടുത്തി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾ കൂടി പരിഗണിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. നിർമാണ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടാവുന്ന രീതി ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർക്കൊപ്പം ഒമ്പതാം വളവിലെ റോഡ് പരിശോധനയിൽ എൻ. ഷംസുദ്ദീൻ എം.എൽ.എയും പങ്കെടുത്തു.
റോഡിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കുറുംബ മേഖലയിലെ വിദ്യാർഥികൾ മന്ത്രിക്ക് മുന്നിൽ
അഗളി: റോഡിന്റെ ശോച്യാവസ്ഥ മൂലമുള്ള കഷ്ടപ്പാടുകൾ ബോധിപ്പിക്കാൻ വകുപ്പുമന്ത്രിക്ക് മുന്നിൽ കുറുംബ വിഭാഗത്തിൽനിന്നുള്ള കുരുന്നുകളും രക്ഷിതാക്കളും. എല്ലാം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുനൽകി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുതൂർ എ.പി.ജെ വിദ്യാലയത്തിലെ വിദ്യാർഥികളും രക്ഷിതാക്കളുമാണ് റോഡിന്റെ അപര്യാപ്തത സംബന്ധിച്ച പ്രശ്നങ്ങൾ അവതരിപ്പിക്കാൻ മന്ത്രിക്ക് മുന്നിലെത്തിയത്. അഗളി ഗവ. റസ്റ്റ് ഹൗസിൽ പരാതി കേട്ടശേഷം ഒരുമിച്ച് ഫോട്ടോക്ക് പോസ് ചെയ്താണ് മന്ത്രി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.