അഗളി: കോടികൾ ചെലവിട്ട് അട്ടപ്പാടിയിൽ ചെറുകിട ജലസേചന വകുപ്പ് നടപ്പാക്കിയ ജലസേചന പദ്ധതികൾ പാതിവഴിയിൽ. പുതൂർ പഞ്ചായത്തിലെ തേക്കുവട്ട, പാടവയൽ, ചീരക്കടവ് പ്രദേശങ്ങളിലാണ് പദ്ധതിക്ക് കോടികൾ ചെലവഴിച്ചത്.
അഞ്ഞൂറോളം കർഷകർക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ. ഭവാനിപ്പുഴയിൽനിന്ന് പമ്പ് ചെയ്ത് കർഷകരുടെ കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിന് തേക്കുവട്ടയിൽ 1.10 കോടിയും പാടവയലിൽ ഒരുകോടിയും ചീരക്കടവിൽ ഒന്നേകാൽ കോടിയും പരപ്പുന്തുറയിൽ 1.15കോടിയും ചെലവഴിച്ചു.
2017ൽ തുടങ്ങിയ നിർമാണപ്രവൃത്തികളുടെ കെട്ടിട നിർമാണപ്രവൃത്തികളും പൈപ്പ് ലൈൻ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ടങ്കിലും പദ്ധതി പ്രവത്തനക്ഷമമായില്ല. നിലവിൽ പമ്പുഹൗസുകളടക്കം കാടുകയറി നശിക്കുന്ന അവസ്ഥയാണ്. പമ്പിങ് നടത്താൻ ഉദ്ദേശിച്ച പ്രദേശങ്ങളിൽ ചളിമണ്ണ് നിറഞ്ഞ് യന്ത്രസാമഗ്രികൾ തകരാറിലാണ്. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് പദ്ധതി പാതിവഴിയിലാകാൻ കാരണമായതെന്നാണ് മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്. പദ്ധതി പ്രതിസന്ധിയിലായതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.