അഗളി: അട്ടപ്പാടിയിലെ ഗർഭിണികൾക്കായി ആരോഗ്യവകുപ്പ് പ്രത്യേക പദ്ധതി തയാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിഭാഗത്തിൽപ്പെട്ട ഗർഭിണികൾക്കു വേണ്ടിയാണ് പദ്ധതി തയാറാക്കുക. കോട്ടത്തറ ൈട്രബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നവജാത ശിശുക്കൾക്കുള്ള ഐ.സി.യു ഉടൻ ആരംഭിക്കും. ശിശുമരണം നടന്ന ഉൗരുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കോട്ടത്തറ ആശുപത്രിയെക്കുറിച്ച് ഉയർന്ന പരാതികൾ പരിശോധിക്കും. അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. പീഡിയാട്രീഷ്യനെയും ഗൈനക്കോളജിസ്റ്റിനെയും നിയമിക്കും. ചുരമിറങ്ങാതെ തദ്ദേശീയർക്ക് അട്ടപ്പാടിയിൽതന്നെ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
കോട്ടത്തറ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരുടെ ശമ്പള കുടിശ്ശിക നൽകാനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യമെങ്കിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കും. സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയതിെൻറ ഫലമായാണ് മേഖലയിൽ 2013 -14ൽ ഉണ്ടായിരുന്ന 45 ശിശുമരണങ്ങൾ 12ൽ താഴെയാക്കിമാറ്റാൻ സാധിച്ചതെന്നും അട്ടപ്പാടി മേഖലയിൽ നിലവിൽ തുടരുന്ന പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച രാവിലെയാണ് അട്ടപ്പാടിയിൽ മന്ത്രി അപ്രതീക്ഷിത സന്ദർശനം നടത്തിയത്. അഗളി സി.എച്ച്.സി, കോട്ടത്തറ ആശുപത്രി, ശിശുമരണം നടന്ന ഊരുകൾ എന്നിവിടങ്ങൾ സന്ദർശിച്ച് വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസ്സിലാക്കി. കോട്ടത്തറ ആശുപത്രിയിലെ എല്ലാ േബ്ലാക്കുകളും പരിശോധിച്ച മന്ത്രി മുതിർന്ന ഡോക്ടർമാരുമായി സംസാരിച്ചു.
അഗളി സി.എച്ച്.സിക്ക് വെൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസ് അനുവദിച്ചതായി മന്ത്രി അറിയിച്ചു. അഗളിയിലെ അംഗൻവാടിയും മന്ത്രി സന്ദർശിച്ചു. അംഗൻവാടികൾ കേന്ദ്രീകരിച്ച് പെൺകൂട്ടായ്മ രൂപവത്കരിക്കാൻ തീരുമാനിച്ചു. ഇവർ പ്രദേശത്തെ സ്ത്രീകളുടേയും ഗർഭിണികളുടേയും ആരോഗ്യനില നിരന്തരം വിലയിരുത്തും. ഗർഭിണികൾക്ക് ആവശ്യമായ പരിചരണം ഉറപ്പുവരുത്തും. ഹൈറിസ്കിലുള്ള ഗർഭിണികൾ, സിക്കിൾസെൽ അനീമിയ ബാധിതർ എന്നിവരുടെ ആരോഗ്യകാര്യങ്ങൾ മൂന്നു മാസം കൂടുേമ്പാൾ വിലയിരുത്തും.
പ്രതിപക്ഷ നേതാവ് നാളെ അട്ടപ്പാടിയിൽ
പാലക്കാട്: ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിങ്കളാഴ്ച അട്ടപ്പാടി സന്ദർശിക്കും. രാവിലെ എട്ടിന് എത്തുന്ന അദ്ദേഹം വീട്ടിേയാർ, പാടവയൽ, തെക്കെ ചാവടിയൂർ, വരകംപാടി ഉൗരുകളിൽ മരിച്ച കുട്ടികളുടെ വീടുകൾ സന്ദർശിക്കും.
അട്ടപ്പാടിയിലെ 245 ഗർഭിണികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ
അഗളി: അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ള വിഭാഗത്തിലെന്ന് ആരോഗ്യവകുപ്പ്. നിലവിൽ ആകെയുള്ള 426 ഗർഭിണികളിൽ 245 പേർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു. അതിൽതന്നെ ആദിവാസികളുടെ സ്ഥിതിയാണ് കൂടുതൽ അപകടകരം. ആദിവാസി ഗർഭിണികളിൽ നാലിലൊന്നും തൂക്കക്കുറവുള്ളവരാണ്. രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗർഭസ്ഥ ശിശുവിെൻറ വളർച്ചക്കുറവ്, അരിവാൾ രോഗം തുടങ്ങിയവ പരിഗണിച്ചാണ് ഗർഭിണികളെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.