അഗളി: അട്ടപ്പാടിയിൽ ശൗചാലയ സൗകര്യമില്ലാതെ നിരവധി കുടുംബങ്ങൾ. പുതൂർ പഞ്ചായത്തിലെ രങ്കനാഥപുരം എസ്.സി കോളനിയിലെ പതിനാറോളം കുടുംബങ്ങൾക്കാണ് ഈ ഗതികേട്. 2009-‘10 കാലഘട്ടത്തിൽ അട്ടപ്പാടി ഹിൽസ് ഏരിയ പദ്ധതി പ്രകാരം കോളനിയിലെ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. എന്നാൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിലെ അപാകതകൾ കാരണം കുറച്ച് വർഷങ്ങളിൽ തന്നെ ശൗചാലയങ്ങൾ ഉപയോഗ ശൂന്യമായി.
പൊതുയിടങ്ങളിലെ മറവുകളായിരുന്നു പിന്നെ അഭയം. ഇരുളും വരെ അവർ കാര്യസാധ്യത്തിനായി കാത്തിരിക്കും. പ്രായപൂർത്തിയായ പെൺകുട്ടികളുൾപ്പെടെ പ്രായഭേദമന്യേ ഈ കുടുംബങ്ങളാകെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. ഗർഭിണികളും പ്രായമായവരും ദൂരെ ബന്ധുവീടുകളിലേക്ക് താമസം മാറിയ സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പല തവണകളിലായി പഞ്ചായത്ത് അധികൃതരെ കോളനി വാസികൾ വിവരമറിയിച്ചു.
2023ൽ ടോയ്ലറ്റ് റിട്രോഫിറ്റി പദ്ധതി പ്രകാരം 9000 രൂപ ഉപഭോക്താക്കൾക്ക് പഞ്ചായത്ത് കൈമാറി. ഇതിലെ ആദ്യ ഗഡുവായി ലഭിച്ച അയ്യായിരം രൂപ പ്രദേശത്തെ വാർഡ് അംഗത്തിന്റെ ഭർത്താവ് കൈപ്പറ്റിയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യാമെന്നും ടാങ്കിലെ തകരാർ പരിഹരിക്കാമെന്നുമുള്ള വാഗ്ദാനം നാളിതുവരെയും ഇത് പാലിക്കപ്പെട്ടില്ല.
കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ നിർമൽ പുരസ്കാരം നേടിയ പുതൂർ പഞ്ചായത്തിലാണ് ഇപ്പോഴും വെളിയിടങ്ങളെ ആശ്രയിക്കേണ്ട ഗതികേട്. ജനുവരി 30ന് നടന്ന താലൂക്ക് തല അദാലത്തിൽ രങ്കനാഥപുരം നിവാസികൾ ഒപ്പിട്ട പരാതി സമർപ്പിച്ചെങ്കിലും നടപടിയുണ്ടായില്ല. ദുരവസ്ഥക്ക് ഉടനടി പരിഹാരമുണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.