അഗളി: പതിറ്റാണ്ടുകളായി അട്ടപ്പാടിയിൽ മന്ത്രിമാരടക്കമുള്ള വി.ഐ.പി.കൾക്ക് ആതിഥ്യമരുളിയിരുന്ന അഗളിയിലെ കെട്ടിട സമുച്ചയം അധികൃതരുടെ അവഗണന മൂലം കാടുകയറി നശിക്കുന്നു. അട്ടപ്പാടി വാലി ഇറിഗേഷൻ പ്രൊജക്ടിന് (എ.വി.ഐ.പി) കീഴിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ് എന്നറിയപ്പെടുന്ന ബഹുനില കെട്ടിടമാണ് നാശത്തിന്റെ വക്കിലായത്. എ.വി.ഐ.പി പദ്ധതി പ്രതിസന്ധിയിലായതോടെയാണ് കെട്ടിടം അറ്റകുറ്റപ്പണി നടക്കാതെ വന്നത്.
നിലവിൽ കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും സാമൂഹിക വിരുദ്ധർ തകർത്ത നിലയിലാണ്. അധികൃതർ കൈയൊഴിഞ്ഞ മട്ടിലായതോടെ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ താവളമായി ഇത് മാറി. അഹാഡ്സ് പദ്ധതിക്ക് അട്ടപ്പാടിയിൽ തുടക്കമായപ്പോൾ അതിന്റെ ആസ്ഥാന മന്ദിരമായ കെട്ടിടമായിരുന്നു ഇത്. പിന്നീട് ഒരു കോടിയോളം രൂപ ചിലവിട്ട് കെട്ടിടം നവീകരിച്ചു. അഹാഡ്സിന് പുതിയ കെട്ടിട സമുച്ചയം ഉണ്ടായപ്പോൾ ഇൻസ്പക്ഷൻ ബംഗ്ലാവ് കെട്ടിടം നാഥനില്ലാ കളരിയായി.
പിന്നീട് അട്ടപ്പാടിയിൽ സർക്കാർ കോളജ് അനുവദിച്ചപ്പോൾ താൽക്കാലികമായി കെട്ടിടമായും ഇത് തിരഞ്ഞെടുത്തു. കോളജിനായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി.
കോളജിന് പുതിയ കെട്ടിടം വന്നതോടെ വീണ്ടും ബംഗ്ലാവ് കെട്ടിടം അനാഥമായി. അട്ടപ്പാടിയുടെ പഴമ വിളിച്ചോതുന്ന പൗരാണിക ശിലകൾ അടക്കം കെട്ടിടത്തിനു ചുറ്റും അടുക്കി വെച്ചിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ മൂലം ഇതെല്ലാം തന്നെ സംരക്ഷിക്കപ്പെടാത്ത അവസ്ഥയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.