കാ​ടി​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഭ​വാ​നി​പ്പു​ഴ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം. ഏ​താ​നും ദി​വ​സം മു​മ്പ​ത്തെ ചി​ത്രം

അവസാനമില്ലാതെ കാട്ടാനശല്യം പൊറുതിമുട്ടി അട്ടപ്പാടിക്കാർ

അഗളി: കാട്ടാനകൾ കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും സ്വൈരവിഹാരം നടത്തുന്നത് പതിവായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അട്ടപ്പാടിയിലെ കൃഷിക്കാരും നാട്ടുകാരും.

ആനയെ പ്രതിരോധിക്കാൻ വനം വകുപ്പിന്‍റെ സംവിധാനങ്ങളൊന്നും ഫലം കാണാത്ത അവസ്ഥയാണ് ഉള്ളത്. കൂടുതൽ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കുമെന്ന അധികൃതരുടെ വാഗ്ദാനം എങ്ങുമെത്തിയില്ല. പലരും പാട്ടത്തിനും വായ്പയെടുത്തുമാണ് കൃഷി നടത്തുന്നത്.

ആന കൃഷിഭൂമിയിൽ ഒന്ന് കയറിയിറങ്ങുന്നതോടെ കർഷകൻ തീർത്തും കടക്കെണിയിലാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വൻ കൃഷിനാശമാണ് അട്ടപ്പാടിയിൽ കാട്ടാനകൾ വരുത്തിവെച്ചത്.

ചീരക്കടവിൽ ഉമേഷിന്‍റെ 200 വാഴകൾ, ആനക്കല്ലിൽ രാജേന്ദ്രന്‍റെ കമുകിൻ തോട്ടം, കൽമക്കിയൂരിൽ മണ്ണാർക്കാട് സ്വദേശി ബഷീർ പാട്ടത്തിനെടുത്ത കൃഷിഭൂമിയിലെ ഒരേക്കർ കപ്പയും 300 വാഴയും തുടങ്ങിയവ കാട്ടാനകൾ നശിപ്പിച്ചതിൽ ഉൾപ്പെടും. ജനവാസ കേന്ദ്രത്തിലെത്തുന്ന ആനയുടെ ആക്രമണത്തിൽ നിരവധി പേരാണ് അടുത്തിടെ മരണപ്പെട്ടത്.

കാവുണ്ടിക്കല്ലിൽ ഒമ്പത് ആനകൾ കഴിഞ്ഞ 10 ദിവസമായി ജനവാസ കേന്ദ്രത്തിനരികെ നിലയുറപ്പിച്ചിട്ടുണ്ട്. ചീരക്കടവ്, പരപ്പുന്തുറ ഭാഗത്ത് ആനകൾ വൈകീട്ട് അഞ്ചോടെ റോഡിലിറങ്ങുന്നുണ്ട്. ഇതുമൂലം വഴിയാത്രികർക്ക് അതുവഴി യാത്ര ഒഴിവാക്കേണ്ട അവസ്ഥയാണ്.

പുതൂർ തേക്കുവട്ട ഭാഗത്ത് 11 ആനകൾ ആഴ്ചകളായി തമ്പടിക്കുന്നുണ്ട്. കാവുണ്ടിക്കല്ലിലും ചീരക്കടവിലും ഓരോ ഒറ്റയാന്മാർ ഭീതി വിതക്കുന്നുണ്ട്.

അട്ടപ്പാടിയിൽ ഓരോ പഞ്ചായത്തിലും ആനയെ തുരത്തുന്നതിന് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും രാത്രിയുടെ മറവിൽ എത്തുന്ന ആനകളെ പ്രതിരോധിക്കാൻ ഈ സംവിധാനം അപര്യാപ്തമാണെന്ന് കർഷകരും നാട്ടുകാരും പറയുന്നു.

ആനയെ വനാതിർത്തിയിൽ തടയാൻ കൂടുതൽ ശാസ്ത്രീയ സംവിധാനങ്ങൾ എത്രയും വേഗം അട്ടപ്പാടിയിൽ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ ഇരുപത്തഞ്ചിലധികം ആനകളാണ് അട്ടപ്പാടിയിൽ ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലുമായി വിഹരിക്കുന്നത്. 

Tags:    
News Summary - people of Attappadi have been fighting against the wild elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.