അഗളി: സൈലന്‍റ്വാലി സൈരന്ദ്രിയിൽ കാണാതായ വനംവകുപ്പ് വാച്ചർക്കായി അഞ്ചാം ദിവസവും പരിശോധന തുടർന്നിട്ടും സൂചനയൊന്നുമില്ല. വയനാട്ടിൽ നിന്നെത്തിയ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ഞായറാഴ്ച വനാന്തരങ്ങളിലെ തിരച്ചിൽ. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു. കാണാതായ വാച്ചർ പുളിക്കഞ്ചേരി രാജന് (55) നേരെ, വന്യമൃഗങ്ങളുടെ ആക്രമണം സംശയിക്കുന്നതിനാല്‍ മൃഗങ്ങളുടെ കാൽപാടുകളും മറ്റ് അടയാളങ്ങളും പിന്തുടർന്ന് കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള ട്രക്കിങ് സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
രാജന്‍റെ ചെരുപ്പും ഉടുമുണ്ടും ടോര്‍ച്ചും കണ്ടെത്തിയെങ്കിലും മറ്റ് സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. കാണാതായ ദിവസം പ്രദേശത്ത് പെയ്ത കനത്തമഴ കാൽപാട് അടക്കമുള്ള തെളിവുകൾ മായ്ച്ചിരിക്കാം എന്നാണ് നിഗമനം. തിരച്ചിലിനായി സ്നിഫർ ഡോഗ്, ഡ്രോൺ അടക്കം സന്നാഹങ്ങളും ഉപയോഗിക്കുന്നുണ്ട്. വാച്ചർ പുളിക്കഞ്ചേരി രാജനെ മേയ് മൂന്നിന് രാത്രിയാണ് കാണാതായത്. സൈരന്ദ്രിയിലെ മെസിൽനിന്ന് രാത്രി ഭക്ഷണം കഴിച്ച് അടുത്തുള്ള ക്യാമ്പിലേക്ക് പോയാതാണ് രാജൻ. പത്തുവർഷത്തിലേറെയായി സൈലന്‍റ് വാലിയിൽ ജോലി ചെയ്യുന്ന രാജന് കാട്ടുവഴിയെല്ലാം പരിചിതമാണ്. അതിനാൽ വനത്തിൽ കുടുങ്ങിയതാകാമെന്ന് വനംവകുപ്പ് കരുതുന്നില്ല. തിരോധാനത്തിന് കേസെടുത്ത അഗളി പൊലീസും അന്വേഷണം തുടരുകയാണ്. രാജനെ കാണാതായിട്ട് തിങ്കളാഴ്ചത്തേക്ക് ആറു ദിവസമായി.
വന്യമൃഗങ്ങളുടെ കാൽപാടുകളും മറ്റും പിന്തുടർന്ന് കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള അഞ്ച് പേരടങ്ങുന്ന വനപാലക സംഘമാണ് വയനാട് വന്യജീവി സങ്കേതത്തിൽനിന്ന് തിരച്ചിലിന് സൈലന്‍റ് വാലിയിലെത്തിയത്. ഇവരെകൂടാതെ, ഞായറാഴ്ച പൊലീസിന്‍റെ തണ്ടർബോൾട്ട്, വനംവകുപ്പിന്‍റെ ആർ.ആർ.ടി അംഗങ്ങൾ, ആദിവാസി വാച്ചർമാർ എന്നിവരടങ്ങുന്ന 110ഓളം പേർ തിരച്ചിൽ സംഘത്തിലുണ്ട്. ഫോറസ്റ്റ് ഓഫിസർ എം.ജെ. രാഘവൻ, വാച്ചർമാരായ ഗോപാലൻ, ഇ.എം. ദിനേശ്കുമാർ, ഗൺമാൻ എ.ആർ. സിനു, ടി.പി. വിഷ്ണു എന്നിവരാണ് വയനാട്ടിൽനിന്നുള്ള വിദഗ്ധ സംഘത്തിലുള്ളത്. കടുവയുടേതോ മറ്റു വന്യജീവികളുടേതോ സാന്നിധ്യം, അവ സഞ്ചരിക്കുന്ന പാതകളിലെ മരങ്ങളിലോ മറ്റോ ഉണ്ടാക്കുന്ന അടയാളങ്ങൾ എന്നിവ നിരീക്ഷിച്ച് മൃഗങ്ങളുടെ സാന്നിധ്യം കൃത്യമായി മനസ്സിലാക്കാൻ ഈ സംഘത്തിന് വൈദഗ്ധ്യമുണ്ട്. വന്യമൃഗങ്ങൾ രാജനെ ആക്രമിച്ചിട്ടുണ്ടോയെന്നാണ് ഇവർ പ്രധാനമായും പരിശോധിക്കുന്നത്. നിബിഡ വനത്തിലാണ് രണ്ടു ദിവസമായി പരിശോധന തുടരുന്നത്. രാവിലെ ഏഴോടെ ആരംഭിക്കുന്ന തിരച്ചിൽ വൈകീട്ട് ആറോടെ അവസാനിപ്പിക്കുകയാണ് ചെയ്തുവരുന്നത്. സ്നിഫർ നായ്ക്കളെ സേവനത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ മഴ പെയ്തതിനാൽ അവക്ക് 20 മീറ്ററിൽ കൂടുതൽ മുന്നോട്ടുപോകാനായില്ല. സൈരന്ദ്രി വാച്ച് ടവറിന് സമീപമുള്ള ക്യാമ്പ് ഷെഡ് പ്രദേശം കടുവ, പുള്ളിപ്പുലി, ആന തുടങ്ങിയ വന്യമൃഗങ്ങളാൽ നിറഞ്ഞ മേഖലയാണെന്ന് വനപാലകർ പറയുന്നു. മുക്കാലി-സൈരന്ദ്രി പാതയുടെ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ പ്രദേശത്ത് വിനോദസഞ്ചാരികളെ താൽക്കാലികമായി നിരോധിച്ചു. ഇത് സമതലങ്ങളിൽ വന്യമൃഗങ്ങളുടെ വരവ് വർധിക്കാൻ ഇടയാക്കിയതായി വനപാലകർ പറഞ്ഞു.
രാജന് കാട് സുപരിചിതം
അഗളി: പത്തുവർഷത്തിലേറെയായി സൈലന്‍റ്വാലിയിൽ വാച്ചറായി ജോലി ചെയ്യുന്ന രാജൻ കാട് നന്നായി അറിയുന്ന ആളാണ്. അതിനാൽ വനത്തിൽ അകപ്പെട്ടതാവാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ.
ക്യാമ്പ് ഷെഡിന് 20 മീറ്റർ അകലെ നിന്നാണ് രാജന്‍റെ ടോർച്ചും ചെരിപ്പും കണ്ടെത്തിയത്. വസ്ത്രങ്ങൾ 30 മീറ്റർ അകലെ ചിതറിക്കിടക്കുകയായിരുന്നു. എന്നിരുന്നാലും പാടുകൾക്ക് സമീപം രക്തത്തിന്റെ അംശങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കടുവയുടെ ചില അടയാളങ്ങൾ സമീപത്ത് കണ്ടെത്തിയെങ്കിലും സമീപകാലത്തെവയാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വന്യജീവി ആക്രമണം നടന്നിരിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ
മുക്കാലി: സൈലന്‍റ് വാലി സൈരന്ദ്രിയിൽ വനംവകുപ്പ് വാച്ചർ രാജനെ കാണാതായ സംഭവത്തിൽ വന്യജീവി ആക്രമണം നടന്നിരിക്കാനുള്ള സാധ്യത 90 ശതമാനവുമില്ലെന്ന് വയനാട് വന്യജീവി സങ്കേത്തിൽനിന്ന് തിരച്ചിലിന് നേതൃത്വം നൽകാനെത്തിയ വിദഗ്ധ സംഘം. വാച്ചറുടെ ചെരിപ്പും ഉടുമുണ്ടും കണ്ടെത്തിയ സ്ഥലം പരിശോധിച്ചശേഷമാണ് അവിടെ അങ്ങനെ ഒരു ആക്രമണം ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വിദഗ്ധ സംഘം വ്യക്തമാക്കിയത്.
വന്യജീവി ആക്രമണം നടന്നിരിക്കാൻ ചെറിയൊരു സാധ്യത മാത്രമേയുള്ളു. ആ നിലക്കാണ് തിരച്ചിൽ തുടരുന്നത്. 20 കാമറ ട്രാപ്പുകൾകൂടി ഞായറാഴ്ച വനത്തിൽ സ്ഥാപിച്ചു.
നേരത്തേ ആറ് കാമറകൾ വനത്തിൽ സ്ഥാപിച്ചിരുന്നു. ഇതിൽ കടുവയുടേയോ പുലിയുടേയോ ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ല. മാൻകൂട്ടങ്ങളുടെ ചിത്രമാണ് അവയിലുള്ളത്. അതേസമയം, വാച്ചറെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. രാജന്‍റെ മൊബൈൽ ഫോൺ സൈരന്ദ്രിയിലെ ക്യാമ്പ് ഷെഡിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.