അഗളി: അമ്മക്കുവേണ്ടി 13 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കുട്ടിക്കൊമ്പൻ ജീവൻ വെടിഞ്ഞു. കാട്ടാനക്കൂട്ടം ഉപേക്ഷിച്ച ‘കൃഷ്ണ’ എന്ന ആനക്കുട്ടിയാണ് െചരിഞ്ഞത്. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. ബൊമ്മിയാംപടി ക്യാമ്പ് ഷെഡിലെത്തിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും അസുഖം മൂർച്ഛിച്ച് ചൊവ്വാഴ്ച രാത്രി െചരിയുകയായിരുന്നു. ആന്തരികാവയവത്തിലുണ്ടായ അണുബാധയാണ് മരണകാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു.
ഈ മാസം 16നാണ് വനപാലകർ ഒരുവയസ്സുള്ള കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. ‘കൃഷ്ണ’യെന്ന് പേരിടുകയും ചെയ്തു. ക്ഷീണിതനായ ആനക്കുട്ടിയെ അമ്മ വന്ന് കൊണ്ടുപോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, നാലുദിവസം കാത്തിരുന്നിട്ടും അമ്മയാന വന്നില്ല. തുടർന്നാണ് ചികിത്സക്ക് ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്.
ചികിത്സയുടെ ആദ്യഘട്ടത്തിൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായി. വനം വകുപ്പ് വെറ്ററിനറി ഡോക്ടർ ഡേവിഡ് എബ്രഹാം സ്ഥലത്തെത്തി പ്രത്യേക പരിചരണം നൽകിയെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച പുലർച്ച ഭക്ഷണം കഴിച്ച ആനക്കുട്ടി ഉച്ചയോടെ അവശനിലയിലാകുകയും കിടക്കുകയുമായിരുന്നു. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെയുമായി.
കുട്ടിയാനകളുടെ ആരോഗ്യം സംബന്ധിച്ച് മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് ആനക്കൂട്ടത്തിന് ഉണ്ടെന്നാണ് പറയുന്നത്. അസുഖബാധിതനായ കുഞ്ഞിനെ കൂട്ടത്തിൽനിന്ന് ഒഴിവാക്കുകയാണ് പതിവ്. അതിനാൽതന്നെ ഇതിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തുടക്കം മുതൽ ആശങ്കയുണ്ടായിരുന്നു. സ്ഥിതി മെച്ചപ്പെട്ടാൽ ആന പരിപാലനകേന്ദ്രത്തിലേക്ക് മാറ്റാനിരിക്കവേയാണ് ആനക്കുട്ടി െചരിഞ്ഞത്. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാം, വെറ്ററിനറി ഡോക്ടർമാരായ മരിയ, ഡെന്നിസ് ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി ജഡം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.