അഗളി: തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ച അട്ടപ്പാടി സ്വദേശിയുടെ മരണവിവരം ബന്ധുക്കൾ അറിയുന്നത് ഒരു മാസത്തിനു ശേഷം. പാലൂർ കൊളപ്പടി സ്വദേശി രത്നമാണ് (55) കഴിഞ്ഞ ഡിസംബർ 25 ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. തലച്ചോറിൽ രക്തസ്രാവം, ന്യുമോണിയ, രക്തത്തിൽ അണുബാധ എന്നിവയെ തുടർന്ന് കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രത്നത്തെ ഡിസംബർ 16ന് പാലക്കാട് ജില്ല ആശുപത്രിയിലേക്ക് റഫർ ചെയ്തു. 22ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. 25ന് മരിച്ചു. നാടാർ സമുദായത്തിൽ പെട്ട ഇയാൾ കൊളപ്പടി ഊരിലെ രേശി എന്ന ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് ഊരിൽ തന്നെയാണ് താമസിച്ചിരുന്നത്.
തൃശൂരിൽ താമസിച്ച് ഭർത്താവിനെ നോക്കാൻ പണം കൈയിലില്ലാത്തതിനാൽ രേശി ഊരിലേക്ക് തിരികെ പോരുകയായിരുന്നു. ഭർത്താവ് ആദിവാസി വിഭാഗക്കാരൻ അല്ലാത്തതിനാൽ ഇവർക്ക് കൂട്ടിരിപ്പുകാർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവുമുണ്ടായില്ല. മരിച്ച് ഒരു മാസമായി മോർച്ചറിയിലുള്ള വിവരം കഴിഞ്ഞ ശനിയാഴ്ചയാണ് രേശി അറിയുന്നത്. എന്നാൽ, മരണ വിവരം തൃശൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നുവെന്നും ബന്ധുക്കളെ കണ്ടെത്താൻ പത്രപരസ്യം നൽകിയിരുന്നുവെന്നും തൃശൂർ മെഡിക്കൽ കോളജ് അധികൃതർ പറയുന്നു. സംഭവത്തിൽ തൃശൂർ ടൗൺ പൊലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ച ഉണ്ടായതായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.